
പി വി എ നാസർ
ദോഹ / മോൺട്രിയൽ: കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡിന്റെ 'ഒടുവിൽ നമ്മളെല്ലാവരും വെറും കഥകളായി മാറും' എന്ന വിഖ്യാത വരികൾക്ക് അറബിക് കാലിഗ്രാഫിയുടെ വശ്യതയേകി വടക്കേ അമേരിക്കൻ തെരുവുകളിൽ വിസ്മയം തീർക്കുകയാണ് ഖത്തരി കാലിഗ്രാഫി-കാലിഗ്രാഫിറ്റി ആർട്ടിസ്റ്റായ ഫാത്തിമ അൽഷർഷാനി. മോൺട്രിയലിൽ നടക്കുന്ന പ്രശസ്തമായ 'മ്യൂറൽ ഫെസ്റ്റിവലിലാണ്' പരമ്പരാഗത അറബിക് ലിപികളും സമകാലിക സ്ട്രീറ്റ് ആർട്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ഫാത്തിമയുടെ കൂറ്റൻ ചുവർചിത്രം (Mural) അനാവരണം ചെയ്തത്.'ഖത്തർ-കാനഡ-മെക്സിക്കോ 2026' സാംസ്‌കാരിക വർഷാചരണത്തിന്റെ (Year of Culture) ഭാഗമായാണ് ഈ കലാസൃഷ്ടി അവതരിപ്പിച്ചത്. മ്യൂസിയങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ, മോൺട്രിയലിലെ സെന്റ് ലോറന്റ് ബൊളിവാർഡിനെ ഒരു തുറന്ന ഗാലറിയാക്കി മാറ്റുന്ന ഈ ആർട്ട് ഫെസ്റ്റിവലിൽ ഖത്തറിന്റെ തനതായ കലാസ്പർശം എത്തിക്കാൻ കഴിഞ്ഞത് ഏറെ ശ്രദ്ധേയമായി.
ഭാഷയ്ക്കും സംസ്‌കാരത്തിനും അതീതമായി എല്ലാവരിലും ചലനം സൃഷ്ടിക്കുന്ന ഒന്നായതുകൊണ്ടാണ് മാർഗരറ്റ് അറ്റ്‌വുഡിന്റെ വരികൾ താൻ ചിത്രീകരണത്തിനായി തിരഞ്ഞെടുത്തതെന്ന് ഫാത്തിമ അൽഷർഷാനി പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ലളിതമെങ്കിലും ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ ഭാരവും പേറുന്ന വരികളാണവ. നാം എടുക്കുന്ന തീരുമാനങ്ങളിലൂടെയും ഇടപെടുന്ന മനുഷ്യരിലൂടെയും നമ്മളെല്ലാവരും ഇവിടെ അടയാളങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്. വഴിപോക്കരെ തങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്ന കഥകളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ് ഈ ചുവർചിത്രം,' ഫാത്തിമ വിശദീകരിച്ചു.
അറബിക് കാലിഗ്രാഫി അതിന്റെ പരമ്പരാഗത ശൈലിയിൽ നിന്ന് മാറി, ആധുനിക നഗര പശ്ചാത്തലത്തിൽ സാധാരണക്കാരായ ജനങ്ങളുമായി സംവദിക്കുമ്പോൾ പുതിയൊരു അർത്ഥതലമാണ് കൈവരുന്നത്. ചലനവും താളവും വികാരങ്ങളുമുള്ള ഒന്നാണ് അറബിക് അക്ഷരങ്ങൾ. ഈ ചിത്രത്തിലൂടെ അറബിക് ലിപികൾ പരിചയമില്ലാത്ത പാശ്ചാത്യ സമൂഹത്തിന് മുന്നിൽ സംസ്‌കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി മാറാൻ തന്റെ കലയ്ക്ക് സാധിച്ചുവെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.
2025 ഡിസംബറിൽ ദോഹയിൽ നടന്ന 'വേൾഡ് വൈഡ് വാൾസ്' സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലിനിടെ മ്യൂറൽ ഫെസ്റ്റിവൽ സ്ഥാപകൻ നികോളാസ് മൺ റിക്കോയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ കനേഡിയൻ-ഖത്തർ കലാവിനിമയത്തിന് വഴിയൊരുക്കിയത്. ഒരു ചിത്രത്തിനപ്പുറം, കാണികളിൽ സ്വയംവിശ്വാസവും ആത്മപരിശോധനയും വളർത്താൻ ഈ സങ്കരകലാസൃഷ്ടിക്ക് കഴിയുമെന്നാണ് ഫാത്തിമയുടെ പ്രതീക്ഷ.











