04:42am 13 November 2026
NEWS
ഭീഷണികൾക്ക് മുന്നിൽ ഖത്തർ വഴങ്ങില്ല; രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു: ഡോ. മാജിദ് അൽ അൻസാരി
03/03/2026  09:13 PM IST
nila
ഭീഷണികൾക്ക് മുന്നിൽ ഖത്തർ വഴങ്ങില്ല; രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു: ഡോ. മാജിദ് അൽ അൻസാരി

ദോഹ: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഖത്തർ. ഖത്തർ വ്യോമാതിർത്തി ലംഘിച്ച രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആക്രമണശ്രമങ്ങൾ പരാജയപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച നടന്ന മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താ സമ്മേളനത്തിൽ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ഖത്തർ അതിർത്തി ലംഘിച്ച രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചതിനെത്തുടർന്നാണ് അവ വെടിവെച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കുമായി തിരച്ചിൽ തുടരുകയാണ്.
മിസൈൽ ആക്രമണങ്ങളെക്കുറിച്ച് ഇറാൻ മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നു എന്ന വാർത്തകൾ വക്താവ് നിഷേധിച്ചു. ശത്രു മിസൈലുകളെ തകർക്കാനുള്ള 'ഇന്റർസെപ്റ്റർ' മിസൈലുകളുടെ മതിയായ ശേഖരം ഖത്തറിനുണ്ടെന്നും ഏത് ഭീഷണിയെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടു നടന്ന ആക്രമണശ്രമങ്ങൾ ഖത്തർ സൈന്യം വിജയകരമായി തകർത്തു. ഒരു മിസൈൽ പോലും വിമാനത്താവള പരിസരത്ത് എത്തിയിട്ടില്ല.ആക്രമണങ്ങൾക്കായി ഇറാൻ നിരത്തുന്ന ന്യായീകരണങ്ങൾ വാസ്തവവിരുദ്ധമാണ്. സൈനിക കേന്ദ്രങ്ങളെ മാത്രമല്ല, ഖത്തറിന്റെ മുഴുവൻ ഭൂപ്രദേശത്തെയും ലക്ഷ്യം വെച്ചാണ് നിലവിലെ നീക്കങ്ങൾ നടക്കുന്നത്.ഖത്തറിനെ ഭീഷണിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് രാജ്യം തെളിയിച്ചിരിക്കുകയാണ്. ഇത്തരം ആക്രമണങ്ങൾ മറുപടിയില്ലാതെ പോകില്ല," ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img