
ദോഹ: ഖത്തറും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ വാഷിംഗ്ടണിൽ ഉന്നതതല ചർച്ചകൾ നടത്തി. ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഖത്തർ വിദേശകാര്യ വ്യാപാര മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയ്യിദ്, യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ യു.എസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്ക്, സാമ്പത്തിക വളർച്ച, ഊർജ്ജം, പരിസ്ഥിതി എന്നിവയ്ക്കായുള്ള അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗ്, വ്യവസായ സുരക്ഷാ അണ്ടർ സെക്രട്ടറി ജെഫ്രി ഐ. കെസ്‌ലർ, വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പോളിസി ഡയറക്ടർ മൈക്കൽ ക്രാറ്റ്‌സിയോസ്, ഡെപ്യൂട്ടി യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് അംബാസഡർ ജെഫ്രി ഗോട്ട്മാൻ എന്നിവരുമായാണ് ഖത്തർ മന്ത്രി ചർച്ചകൾ നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള വഴികളും, പരസ്പര താല്പര്യമുള്ള വിവിധ അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ഖത്തറിന്റെ നിക്ഷേപ സാധ്യതകളും ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര പങ്കാളിത്തങ്ങളും ചർച്ചകളിൽ പ്രധാന വിഷയങ്ങളായി.











