05:26am 13 November 2026
NEWS
ഖത്തർ-ഉക്രൈൻ പ്രതിരോധ സഹകരണം ശക്തമാകുന്നു; വ്യോമ സുരക്ഷയിൽ സാങ്കേതിക വൈദഗ്ധ്യം പങ്കുവെക്കാൻ വിദഗ്ധ സംഘം ദോഹയിലെത്തി
08/04/2026  09:43 PM IST
nila
ഖത്തർ-ഉക്രൈൻ പ്രതിരോധ സഹകരണം ശക്തമാകുന്നു; വ്യോമ സുരക്ഷയിൽ സാങ്കേതിക വൈദഗ്ധ്യം പങ്കുവെക്കാൻ വിദഗ്ധ സംഘം ദോഹയിലെത്തി

 


ദോഹ: ഖത്തറും ഉക്രൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക്. വ്യോമ പ്രതിരോധ മേഖലയിൽ അത്യാധുനിക സാങ്കേതിക വിദ്യകളും അനുഭവസമ്പത്തും പങ്കുവെക്കുന്നതിനായി ഉക്രൈനിൽ നിന്നുള്ള ഉന്നതതല പ്രതിരോധ വിദഗ്ധ സംഘം ഖത്തറിലെത്തി. ആധുനിക വ്യോമ ഭീഷണികളെ നേരിടുന്നതിനും രാജ്യത്തിന്റെ വ്യോമാതിർത്തി കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഖത്തർ പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് ഈ സംഘം പ്രവർത്തിച്ചു തുടങ്ങും.
കഴിഞ്ഞ മാർച്ചിൽ ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ദോഹ സന്ദർശിച്ച വേളയിൽ ഒപ്പിട്ട പത്ത് വർഷത്തെ ചരിത്രപരമായ പ്രതിരോധ സഹകരണ കരാറിന്റെ ആദ്യ പ്രായോഗിക ചുവടുവെപ്പാണിതെന്ന് ഉക്രൈൻ അംബാസഡർ ആൻഡ്രി കുസ്മെൻകോ പറഞ്ഞു. ഈ കരാർ പ്രകാരം സൈനിക പരിശീലനം, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോൺ പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിക്കും.യുദ്ധഭൂമിയിൽ നിന്നുള്ള പ്രായോഗിക അനുഭവസമ്പത്തുള്ള ഉന്നതതല ഉക്രൈൻ പ്രതിരോധ സംഘമാണ് ദോഹയിലെത്തിയിരിക്കുന്നത്. ആധുനിക ഡ്രോണുകളെയും മിസൈലുകളെയും കുറഞ്ഞ ചെലവിൽ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിലാകും പ്രധാന ശ്രദ്ധ.മാനുഷിക പരിഗണന നൽകി ഉക്രൈനെ സഹായിക്കുന്ന ഖത്തറിനോടുള്ള നന്ദി സൂചകമായാണ് തങ്ങളുടെ സാങ്കേതിക മികവ് ഉക്രൈൻ പങ്കുവെക്കുന്നത്.പ്രതിരോധ സാങ്കേതിക വിദ്യകളുടെ സംയുക്ത നിർമ്മാണത്തിനും ഈ കരാർ വഴി തുറക്കുന്നുണ്ട്. ഇത് ഇരുരാജ്യങ്ങൾക്കും സാമ്പത്തികമായും തന്ത്രപരമായും നേട്ടമുണ്ടാക്കും.
​ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഉക്രൈൻ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയിൽ രൂപപ്പെട്ട പരസ്പര വിശ്വാസമാണ് ഈ പങ്കാളിത്തത്തിന് അടിത്തറയെന്നും, വരും വർഷങ്ങളിൽ ഇത് കൂടുതൽ ശക്തമാകുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img