
അബുദാബി: ഖത്തറും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഴാമത് ഖത്തർ-യുഎഇ സംയുക്ത ഉന്നത സമിതി യോഗം അബുദാബിയിൽ ചേർന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സംയുക്തമായി യോഗത്തിന് നേതൃത്വം നൽകി.ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ആഴത്തിലാക്കാനും വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ ചർച്ചയായി. പ്രത്യേകിച്ച്, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും മേഖലയിലെ സുരക്ഷാ ഭീഷണികളും സമാധാനപരമായ അന്തരീക്ഷത്തിന് വെല്ലുവിളിയാണെന്ന് ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യുഎഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ നടന്ന സൈനിക ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. യുഎഇയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഖത്തറിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.നിക്ഷേപ സംരക്ഷണം,ഭക്ഷ്യസുരക്ഷ,നഗരസഭാ സഹകരണംഎന്നിവയിലാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്.എണ്ണ, വാതകം, ഊർജ്ജം തുടങ്ങിയ സുപ്രധാന മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തവും സാമ്പത്തിക സംയോജനവും യുഎഇ ആഗ്രഹിക്കുന്നതായി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സപ്ലൈ ചെയിനുകളുടെ കരുത്ത് വർധിപ്പിക്കാനും പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും ഈ യോഗം വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്‌കാരം, പരിസ്ഥിതി, ആരോഗ്യം, കായികം തുടങ്ങി വിവിധ മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങൾക്കനുസരിച്ചുള്ള വികസനമാണ് ലക്ഷ്യമെന്ന് യോഗം വിലയിരുത്തി.










