
ന്യൂയോർക്ക്: അടുത്ത അഞ്ച്വർഷത്തിനുള്ളിൽ 60 ബില്യൺ ഡോളറിലധികം (ഏകദേശം 5 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യം വരുന്ന കൂറ്റൻ വികസന പദ്ധതികൾക്കും നിക്ഷേപ അവസരങ്ങൾക്കും ഖത്തർ കളമൊരുക്കുന്നു. ന്യൂയോർക്കിൽ നടന്ന ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കവെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖല ലക്ഷ്യമിട്ട് 38.5 ബില്യൺ ഡോളറിന്റെ പുതിയ കരാറുകളാണ് അടുത്ത അഞ്ചു വർഷത്തിനകം നൽകാൻ ഉദ്ദേശിക്കുന്നത്. കൂടാതെ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളിലായി 22.5 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപം കൂടി ആകർഷിക്കാൻ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള നിക്ഷേപകർക്ക് വൻ സാധ്യതകൾ തുറന്നുനൽകുന്ന ഈ വികസന കുതിപ്പ്, ഖത്തറിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











