
ദോഹ: ജോർദാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും (യു.എ.ഇ) നേരെയുണ്ടായ പുതിയ ഇറാനിയൻ ആക്രമണങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ജോർദാനുനേരെ മിസൈലുകളും യു.എ.ഇക്കുനേരെ ഡ്രോൺ ആക്രമണവുമാണ് ഉണ്ടായത്.
ഈ ആക്രമണങ്ങൾ ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ മേഖലയിലെ സുരക്ഷയും സ്ഥിരതയും വീണ്ടെടുക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബാധിക്കുമെന്നും സാഹചര്യം കൂടുതൽ വഷളാക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.
മേഖലാ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാത്തരം സൈനിക നടപടികളും ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഖത്തർ, സംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്നും അഭ്യർത്ഥിച്ചു. ചർച്ചകളുടെയും നയതന്ത്ര നീക്കങ്ങളുടെയും പാതയിലേക്ക് തിരികെ വരണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ജോർദാനോടും യു.എ.ഇയോടും ഖത്തർ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.











