
ദോഹ: ചെങ്കടലിൽ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യൻ കപ്പലിന് നേരെ ഹൂതി വിഭാഗം നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നാവിക സുരക്ഷയ്ക്ക് നേരെയുള്ള കടുത്ത ലംഘനവും ആഗോള ഊർജ്ജ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയുമാണ് ഈ നടപടിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെ തകർക്കുന്ന ഇത്തരം ആക്രമണങ്ങൾ അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ചെങ്കടലിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന 2722, യെമനുമായി ബന്ധപ്പെട്ട 2216 എന്നീ ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയങ്ങൾ നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.
സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും താല്പര്യങ്ങളും സംരക്ഷിക്കുന്നതിനായി കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. സൗദിയുടെ സുരക്ഷ ഖത്തറിന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രാലയം ആവർത്തിച്ചു.
അതേസമയം, യെമനിൽ രാഷ്ട്രീയ പരിഹാരവും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി സൗദി അറേബ്യ, യെമൻ ഭരണകൂടം, യു.എൻ പ്രത്യേക ദൂതൻ എന്നിവരുമായി ഒമാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.











