
ദോഹ: ആഗോള ഊർജ്ജ വിപണിയുടെ സുസ്ഥിതിക്ക് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നു നൽകുന്നത് ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കിട്ട ഉത്തരവാദിത്തമാണെന്ന് ഖത്തർ. വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വസനീയമായ ആഗോള ഊർജ്ജ പങ്കാളി എന്ന നിലയിൽ ഖത്തർ ഈ വിഷയത്തിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സംയമനം പാലിക്കാനും ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സമാധാനപരമായ ചർച്ചകൾക്ക് ആഹ്വാനം ചെയ്തു.നിലവിലെ വെടിനിർത്തൽ കരാർ ശക്തിപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര നീക്കങ്ങളിൽ ഖത്തർ സജീവമായി പങ്കുചേരുന്നുണ്ട്. എങ്കിലും, ഈ സമാധാനത്തിന്റെ ആയുസ്സ് എത്രത്തോളമുണ്ടാകുമെന്ന് പ്രവചിക്കാൻ ഇപ്പോൾ സമയമായിട്ടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ഗൾഫ് രാജ്യങ്ങളും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ചരിത്രപരവും തന്ത്രപ്രധാനവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളിൽ ഖത്തറും പാകിസ്ഥാനും തമ്മിലുള്ള സഹകരണം ശക്തമായി തുടരുകയാണ്.സിറിയയിലെ രാഷ്ട്രീയ സുസ്ഥിതിക്ക് ഖത്തർ പിന്തുണ അറിയിച്ചു. ലെബനന്റെ പരമാധികാരത്തെയും ഐക്യത്തെയും ഖത്തർ പിന്തുണയ്ക്കുന്നു. അവിടെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം, നിലവിലെ വെടിനിർത്തൽ കരാർ പൂർണ്ണമായും പാലിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു.സമീപകാലത്തെ സംഘർഷ സാഹചര്യങ്ങളിൽ രാജ്യത്തെ സംരക്ഷിക്കുന്നതിൽ ഖത്തർ സായുധ സേന വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പ്രതിരോധ പങ്കാളിത്തം വൈവിധ്യവൽക്കരിക്കാനുള്ള ഖത്തറിന്റെ നയം ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ചുള്ളതല്ലെന്നും അത് രാജ്യത്തിന്റെ സ്ഥിരമായ വിദേശനയത്തിന്റെ ഭാഗമാണെന്നും ഡോ. അൽ അൻസാരി വ്യക്തമാക്കി.
കടൽ വഴിയുള്ള ചരക്ക് നീക്കവും ഊർജ്ജ വിതരണവും തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്ര സഖ്യകക്ഷികളുമായി ചേർന്ന് ഖത്തർ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.










