
പി വി എ നാസർ
ദോഹ: ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആവേശപ്പൂരത്തിന് മാറ്റുകൂട്ടാൻ ഖത്തറിന്റെ പ്രതിനിധികളായി നാല് കായിക പ്രതിഭകൾ കൂടി നിയോഗിക്കപ്പെട്ടു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ഫുട്ബോൾ മാമാങ്കത്തിൽ മത്സരം നിയന്ത്രിക്കാനുള്ള 170 അംഗ പാനലിലാണ് ഖത്തറിൽ നിന്നുള്ള റഫറിമാർ ഇടംപിടിച്ചത്.
ഖത്തറിന്റെ റഫറിയിങ് മികവിനുള്ള ആഗോള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. പ്രമുഖ റഫറി അബ്ദുറഹ്മാൻ അൽ ജാസിം ആണ് ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്. സഹ റഫറിമാരായി സൗദ് അഹമ്മദ്, താലിബ് സാലിം അൽ മർറി എന്നിവരും വീഡിയോ അസിസ്റ്റന്റ് റഫറിയായി (VAR) ഖമീസ് അൽ മർറിയും പട്ടികയിൽ ഇടംപിടിച്ചു.32 ടീമുകളിൽ നിന്നും 48 ടീമുകളായി ലോകകപ്പ് വിപുലീകരിച്ചതോടെ മാച്ച് ഒഫീഷ്യൽസിന്റെ എണ്ണത്തിലും ഫിഫ റെക്കോർഡ് വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.
170 പേരിൽ 52 റഫറിമാർ, 88 അസിസ്റ്റന്റ് റഫറിമാർ, 30 വി.എ.ആർ റഫറിമാരാണുള്ളത്.ഖത്തർ ലോകകപ്പിൽ തുടങ്ങിയ വിപ്ലവകരമായ മാറ്റം തുടർന്ന് കൊണ്ട് ഇത്തവണ ആറ് വനിതാ റഫറിമാരും പട്ടികയിലുണ്ട്.ലോകകപ്പിന് പുറമെ ഏപ്രിൽ 16 മുതൽ ജിദ്ദയിൽ ആരംഭിക്കുന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ അവസാന റൗണ്ടുകളിലും ഖത്തരി റഫറിമാർ നിർണ്ണായക പങ്കുവഹിക്കും. അബ്ദുറഹ്മാൻ അൽ ജാസിം, സൽമാൻ ഫലാഹി, റംസാൻ അൽ നുഐമി, അൽ മർറി എന്നിവരാണ് ഏഷ്യൻ പോരാട്ടത്തിന് വിസിൽ മുഴക്കാൻ നിയോഗിക്കപ്പെട്ടവർ.
ലോകത്തെ ഏറ്റവും മികച്ച കായിക വേദിയിൽ ഖത്തറിന്റെ പേര് വീണ്ടും ഉയർന്നു കേൾക്കുമ്പോൾ, അത് രാജ്യത്തിന്റെ കായിക മേഖല കൈവരിച്ച വളർച്ചയുടെയും മികവിന്റെയും പുതിയൊരു അധ്യായമായി മാറുകയാണ്.











