
ദോഹ:2025-ലെ മൂന്നാം പാദത്തിൽ ഖത്തറിലെ റീട്ടെയിൽ വിപണി സ്ഥിരതനിലനിർത്തിയതായി ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ കുഷ്മാൻ & വേക്‌ഫീൽഡ് പുറത്തിറക്കിയ വിപണി അവലോകനം വ്യക്തമാക്കുന്നു. ഉറച്ച ഉപഭോക്തൃ ചെലവും വിനോദസഞ്ചാര വളർച്ചയും റീട്ടെയിൽ മേഖലയ്ക്ക് കരുത്തേകിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മൊത്തത്തിൽ വിപണി സ്ഥിരത പുലർത്തിയെങ്കിലും, വിവിധ റീട്ടെയിൽ ഫോർമാറ്റുകൾക്കിടയിൽ പ്രകടനത്തിൽ വ്യക്തമായ വ്യത്യാസങ്ങൾ ഉണ്ടായി. ഡെസ്റ്റിനേഷൻ മാളുകൾ, ലൈഫ്‌സ്റ്റൈൽ കേന്ദ്രീകൃത വികസനങ്ങൾ എന്നിവയിലേക്കുള്ള ഉപഭോക്തൃ പ്രവണത വർധിക്കുന്നതാണ് ഇതിന് കാരണം.2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ വരവിൽ 2.2 ശതമാനം വർധനരേഖപ്പെടുത്തിയതായും, ഇത് പ്രധാന റീട്ടെയിൽ കേന്ദ്രങ്ങളിലെ ആളുകളുടെ വരവും വിൽപ്പനയും നിലനിർത്താൻ സഹായിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
“ഉപഭോക്തൃ പ്രതീക്ഷകളോട് ചേർന്നുനിൽക്കുന്ന പ്രൈം, അനുഭവാധിഷ്ഠിത റീട്ടെയിൽ കേന്ദ്രങ്ങളിൽ ഖത്തറിന്റെ റീട്ടെയിൽ മേഖല ശക്തമായ പ്രതിരോധശേഷി പ്രകടിപ്പിക്കുന്നു. ഷോപ്പിംഗ്, ഭക്ഷണം, വിനോദം എന്നിവ ഒരുമിക്കുന്ന ഉയർന്ന നിലവാരമുള്ള ഇടങ്ങളിലേക്കാണ് ഉപഭോക്താക്കൾ കൂടുതൽ ആകർഷിക്കപ്പെടുന്നത്.
ഫിഫ അറബ് കപ്പ് 2025 റീട്ടെയിൽ മേഖലയ്ക്ക് അധിക ഉണർവ് നൽകിയതായും വിദഗ്ധർ വിലയിരുത്തുന്നു.











