
ജനീവ (സ്വിറ്റ്സർലൻഡ്): സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന 'ഗ്ലോബൽ ഡയലോഗ് ഓൺ എ.ഐ ഗവേണൻസ്' (ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരണകൂട സംവാദം) ഫോറത്തിന് ഇടെ ഖത്തർ വാർത്താവിനിമയ-വിവരസാങ്കേതികവിദ്യ മന്ത്രി ഹിസ് എക്സലൻസി മുഹമ്മദ് ബിൻ അലി അൽ മന്നായി വിവിധ ലോകനേതാക്കളുമായും അന്താരാഷ്ട്ര സംഘടനാ മേധാവികളുമായും ഉന്നതതല ഉഭയകക്ഷി ചർച്ചകൾ നടത്തി. ഡിജിറ്റൽ പരിവർത്തനം, എ.ഐ ഗവേണൻസ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുകയായിരുന്നു കൂടിക്കാഴ്ചകളുടെ പ്രധാന ലക്ഷ്യം.
ജനീവയിലെ യു.എൻ ഓഫീസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുൽറഹ്മാൻ അൽ മുഫ്താഹിനൊപ്പമാണ് മന്ത്രി പ്രമുഖ നേതാക്കളെ കണ്ടത്.അയർലൻഡ് സഹമന്ത്രി നിയാം സ്മിത്ത്, സിംഗപ്പൂർ ഡിജിറ്റൽ ഡെവലപ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ മന്ത്രി ജോസഫിൻ തിയോ, ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) സെക്രട്ടറി ജനറൽ ഡോറീൻ ബോഗ്ദാൻ-മാർട്ടിൻ, യു.എൻ അണ്ടർ സെക്രട്ടറി ജനറലും ഡിജിറ്റൽ-എമേർജിംഗ് ടെക്നോളജീസ് പ്രത്യേക പ്രതിനിധിയുമായ അമൻദീപ് സിംഗ് ഗിൽ എന്നിവരുമായും മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായി ആശയവിനിമയം നടത്തി.
ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെയും അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെയും രാജ്യത്തിന്റെ വികസന പ്രക്രിയ കൂടുതൽ വേഗത്തിലാക്കാൻ ഈ ഉന്നതതല ചർച്ചകൾ വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











