
ദോഹ:കഴിഞ്ഞകാലത്തിന്റെ കടലാഴങ്ങളിലേക്ക് വെളിച്ചം വീശി, ഖത്തറിന്റെ സമൃദ്ധമായ സമുദ്ര പൈതൃകവും മുത്തുവാരി ജീവിച്ച മനുഷ്യരുടെ കഥയും പറയുന്ന ‘ഫത്ഹ് അൽ ഖൈർ’ പൈതൃക ഒപ്പറെറ്റ (ഗീതനാടകം) ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ (DIBF 2026) അരങ്ങേറി. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള തിയേറ്റർ അഫയേഴ്സ് സെന്ററും മ്യൂസിക് അഫയേഴ്സ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഈ ദൃശ്യവിരുന്നിൽ നൂറോളം കലാകാരന്മാരും അഭിനേതാക്കളുമാണ് അണിനിരന്നത്.
ഖത്തറിലെ ജനങ്ങളുടെ ജീവനാഡിയും സാമ്പത്തിക അടിത്തറയുമായിരുന്ന മുത്തുപര്യവേക്ഷണത്തിന്റെ (Pearl-diving) സുവർണ്ണകാലത്തെയാണ് ഈ വിരുന്ന് പുനരാവിഷ്കരിച്ചത്. ജീവൻ പണയം വെച്ച് കടൽ നീന്തി മുത്തുകൾ വാരുകയും അവ ലോകവിപണിയിൽ എത്തിക്കുകയും ചെയ്ത പൂർവ്വികരുടെ പോരാട്ടവീര്യത്തിന്റെ നേർക്കാഴ്ചയായിരുന്നു ഈ സംരംഭം.പഴയകാല ഖത്തറിന്റെ സമുദ്ര പശ്ചാത്തലത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട വസ്ത്രധാരണവും ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളും കോർത്തിണക്കിയാണ് ഒപ്പറെറ്റ വേദിയിലെത്തിയത്. ഒട്ടനവധി വൈവിധ്യമാർന്ന കലാപരമായ രംഗങ്ങളിലൂടെയാണ് (Tableaux) കഥ വികസിച്ചത്.ചരിത്രപ്രസിദ്ധമായ 'ഫത്ഹ് അൽ ഖൈർ' ധോണിയുടെയും കടൽയാത്രകളുടെയും പശ്ചാത്തലമൊരുക്കിയ തുടക്കം.വിവാഹ തയ്യാറെടുപ്പുകൾ, പരമ്പരാഗത അറബിക് സംഗീതം, ഗൃഹാതുരത്വം ഉണർത്തുന്ന കല്യാണ ആഘോഷങ്ങൾ എന്നിവയുടെ ഹൃദ്യമായ ആവിഷ്കാരം.
സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യേക പ്രകടനങ്ങൾക്കൊപ്പം പരമ്പരാഗത നാടോടി സംഗീതവും നൃത്തരൂപങ്ങളും സമന്വയിപ്പിച്ച അവതരണം സദസ്സിന് വേറിട്ടൊരു അനുഭവമായി മാറി.പ്രശസ്ത നടി ഹദിയ സയീദ് കാണികളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങളിൽ വലിയ സന്തോഷം പ്രകടിപ്പിച്ചു. വലിയ പ്രയത്നത്തിനൊടുവിൽ ഇത്രയും വലിയ സദസ്സിന്റെ കൈയടി നേടാനായത് ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്ന് അവർ കൂട്ടിച്ചേർത്തു. ഒപ്പറെറ്റയുടെ കഥാകാരനായ (Narrator) ഖാലിദ് അൽ ഹമ്മാദി രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് മുന്നിൽ ഈ പൈതൃക കലാരൂപം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കി.
പൈതൃകത്തിന്റെയും ദേശീയതയുടെയും സന്ദേശം കാണികളിലേക്ക് കൃത്യമായി എത്തിക്കാൻ കഴിഞ്ഞതാണ് തങ്ങളുടെ വിജയമെന്ന് സംവിധായകൻ മുഹമ്മദ് അൽ മുല്ല പറഞ്ഞു. അന്തരിച്ച ശൈഖ് ഹമദ് ബിൻ അബ്ദുള്ള അൽഥാനിയുടെ ചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന 'ഫത്ഹ് അൽ ഖൈർ' എന്ന പ്രശസ്തമായ പായക്കപ്പൽ ഖത്തറിന്റെ സമുദ്ര പൈതൃകത്തിന്റെ ജീവിക്കുന്ന പ്രതീകമാണ്. ആ ഓർമ്മകളെ പുസ്തകമേളയുടെ വേദിയിൽ നെഞ്ചേറ്റാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ദോഹയിലെ കലാപ്രേമികൾ.











