
ദോഹ: ഈദുൽ ഫിത്തർ പ്രമാണിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ലുസൈൽ പ്രാർത്ഥനാ മൈതാനിയിൽ പൗരന്മാരോടൊപ്പം പെരുന്നാൾ നമസ്കാരം നിർവഹിച്ചു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, ഷൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിം എന്നിവരും അമീറിനൊപ്പം നമസ്കാരത്തിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ഷെയ്ഖ് ഡോ. യഹിയ ബുത്തി അൽ നുഐമി പെരുന്നാൾ ഖുതുബ നിർവഹിച്ചു. 'തക്ബീറി'ന്റെ അർത്ഥത്തെക്കുറിച്ചും സർവ്വശക്തനായ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചും അദ്ദേഹം പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.മേഖലയിലെ സവിശേഷമായ സാഹചര്യങ്ങൾക്കിടയിലാണ് ഇത്തവണത്തെ ഈദ് കടന്നു വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രയാസങ്ങൾക്ക് ശേഷം ആശ്വാസം വരുമെന്നും, പ്രതിസന്ധികൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനും വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന ആത്മാർത്ഥമായ പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.ഖത്തറിനെയും അമീറിനെയും ജനങ്ങളെയും എല്ലാ മുസ്ലീം രാജ്യങ്ങളെയും അക്രമികളിൽ നിന്നും ദോഷങ്ങളിൽ നിന്നും സംരക്ഷിക്കാനായി അദ്ദേഹം പ്രത്യേക പ്രാർത്ഥനയും നടത്തി.











