
ദോഹ: പൊതുഗതാഗത രംഗത്തെ പ്രമുഖ അന്താരാഷ്ട്ര ബഹുമതിയായ ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡ്‌സ് 2026-ൽ ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) 'വേൾഡ് വൈഡ് ഓപ്പറേറ്റർ ഓഫ് ദി ഇയർ' പുരസ്‌കാരം നേടി. ദോഹ മെട്രോ, ലുസൈൽ ട്രാം ശൃംഖലകളിലുടനീളം ഖത്തർ റെയിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനക്ഷമത, ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങൾ, ഉപഭോക്തൃ സേവനം, സുസ്ഥിരത, നവീകരണം എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ നേട്ടം.
ലണ്ടനിൽ നടന്ന ചടങ്ങിൽ ഖത്തർ റെയിൽ സി.ഇ.ഒ ജാസിം മുഹമ്മദ് അൽ അൻസാരിയും മുതിർന്ന മാനേജ്‌മെന്റ് പ്രതിനിധികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ലോകത്തിലെ മുൻനിര റെയിൽ ഓപ്പറേറ്റർമാർക്കിടയിൽ ഖത്തർ റെയിലിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് സി.ഇ.ഒ ജാസിം മുഹമ്മദ് അൽ അൻസാരി പറഞ്ഞു. ഖത്തർ നാഷണൽ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തെ ഗതാഗത ശൃംഖലയെ ലോകോത്തര നിലവാരത്തിൽ നിലനിർത്തുന്നതിനും ഈ അംഗീകാരം പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










