
ദോഹ: ദോഹ മെട്രോ, ലുസൈൽ ട്രാം ശൃംഖലകളിൽ യാത്ര ചെയ്യുന്ന, പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ കഴിയാത്ത ശാരീരിക-മാനസിക വെല്ലുവിളികൾ (Hidden Disabilities) നേരിടുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട 'സൺഫ്ലവർ' (Sunflower) പദ്ധതിക്ക് ഖത്തർ റെയിൽ തുടക്കം കുറിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
കാഴ്ചയിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ഭിന്നശേഷിയുള്ളവർക്ക് (ഓട്ടിസം, കേൾവിക്കുറവ്, വിട്ടുമാറാത്ത വേദനകൾ തുടങ്ങിയവ) സഹായം ആവശ്യമുണ്ടെന്ന് റെയിൽവേ ജീവനക്കാരെ അറിയിക്കാനുള്ള ഒരു പ്രതീകാത്മക മാർഗമാണിത്. സൂര്യകാന്തി ചിഹ്നമുള്ള ടാഗോ സ്ട്രാപ്പോ ധരിക്കുന്നതിലൂടെ, തനിക്ക് യാത്രയിൽ കൂടുതൽ സമയമോ പ്രത്യേക പരിഗണനയോ വ്യക്തമായ ആശയവിനിമയമോ ആവശ്യമുണ്ടെന്ന് ജീവനക്കാരെ അറിയിക്കാൻ യാത്രക്കാരന് സാധിക്കും.മെട്രോയിലെയും ലുസൈൽ ട്രാമിലെയും കസ്റ്റമർ സർവീസ് ജീവനക്കാർക്ക് ഈ ചിഹ്നം തിരിച്ചറിയാനും ഇത്തരത്തിലുള്ള യാത്രക്കാരെ അങ്ങേയറ്റം സ്നേഹത്തോടും പ്രൊഫഷണലിസത്തോടും കൂടി സഹായിക്കാനുമുള്ള പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു.സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും ഈ സേവനം ലഭ്യമായിരിക്കും. കഴിഞ്ഞ വർഷം നടപ്പിലാക്കിയ 'ബെസ്റ്റ് ബഡീസ്' (Best Buddies) പദ്ധതിയുടെ തുടർച്ചയായാണ് ഇത് അവതരിപ്പിക്കുന്നത്.ഓരോ യാത്രയും പ്രധാനപ്പെട്ടതാണ്' (Every Journey Matters) എന്ന ഖത്തർ റെയിലിന്റെ മുദ്രാവാക്യത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ഈ പുതിയ സംരംഭം.
യാത്രക്കാരുടെ അന്തസ്സും ആത്മവിശ്വാസവും ഉയർത്തിപ്പിടിച്ചുകൊണ്ട് സുരക്ഷിതമായ പൊതുഗതാഗത സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ റെയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. സർവീസ് പ്രൊവൈഡർമാരായ ആർ.കെ.എച്ച് ഖിത്താറാത്തുമായി (RKH Qitarat) സഹകരിച്ച് കൂടുതൽ മികച്ച സൗകര്യങ്ങൾ ഭാവിയിൽ ഒരുക്കാനും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്.










