
ദോഹ:പൊതുജനങ്ങൾക്കായി ഖത്തർ റെയിൽവേ കമ്പനിയും (ഖത്തർ റെയിൽ) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പി.എച്ച്.സി.സി) സംയുക്തമായി സംഘടിപ്പിക്കുന്ന 'ആരോഗ്യയാത്ര' (Journey Toward Health) ബോധവൽക്കരണ പരിപാടിയുടെ മൂന്നാം പതിപ്പിന് നാളെ തുടക്കമാകും. 'ലോക ഫാമിലി ഡോക്ടർ ദിന'ത്തോട് അനുബന്ധിച്ച് മെയ് 18, 19 തീയതികളിൽ ദോഹ മെട്രോയുടെ ഗോൾഡ് ലൈനിലുള്ള അൽ സദ്ദ് (Al Sadd) സ്റ്റേഷനിലാണ് പരിപാടി നടക്കുക.
യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി സൗജന്യ വൈദ്യപരിശോധനകളും കൺസൾട്ടേഷനുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ലഘുലേഖകളുടെ വിതരണം, സമ്മാനങ്ങൾ എന്നിവയും ഉണ്ടായിരിക്കും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷത്തെ പതിപ്പിൽ ആദ്യമായി മാനസികാരോഗ്യവുമായി (Mental Health) ബന്ധപ്പെട്ട പ്രത്യേക കൺസൾട്ടേഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) സ്ട്രാറ്റജിയുടെ ഭാഗമായാണ് ഖത്തർ റെയിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ദോഹ മെട്രോ സ്റ്റേഷനുകളെ വെറും യാത്രാകേന്ദ്രങ്ങൾ എന്നതിലുപരി, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ഉപകാരപ്രദമാകുന്ന ആകർഷണ കേന്ദ്രങ്ങളാക്കി മാറ്റുക എന്നലക്ഷ്യത്തോടെയാണ് 'മെട്രോ ഇവന്റസ്' പരമ്പരയുടെ ഭാഗമായി ഇത്തരം പരിപാടികൾ വർഷം മുഴുവൻ നടത്തിവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.











