12:47am 13 November 2026
NEWS
റമദാൻ വിരുന്നുകൾക്കായി ഖത്തർ ഒരുങ്ങി
17/02/2026  10:56 AM IST
പി വി എ നാസർ
റമദാൻ വിരുന്നുകൾക്കായി ഖത്തർ ഒരുങ്ങി

ദോഹ: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ഖത്തറിലെ പരമ്പരാഗത ഭക്ഷണശാലകളും അടുക്കളകളും (Popular Kitchens) പൂർണ്ണ സജ്ജമായി. ഇഫ്താർ വിരുന്നുകൾക്കും അർദ്ധരാത്രിയിലെ പ്രത്യേക വിരുന്നായ 'ഗബ്ഗ'യ്ക്കുമായി റെക്കോർഡ് ബുക്കിംഗാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഖത്തറി സമൂഹത്തിന്റെ ആതിഥ്യമര്യാദയും പാരമ്പര്യവും വിളിച്ചോതുന്ന മജ്‌ബൂസ്, ഹരീസ്, തരീദ് തുടങ്ങിയ വിഭവങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും.
റമദാൻ രാത്രികളിലെ പ്രധാന വിരുന്നായ ഗബ്ഗയ്ക്കായി കുടുംബങ്ങളും കൂട്ടായ്മകളും മുൻകൂട്ടി ബുക്കിംഗ് നടത്തിക്കഴിഞ്ഞു. വാരാന്ത്യങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നതിനാൽ പലയിടങ്ങളിലും ബുക്കിംഗ് നേരത്തെ അവസാനിപ്പിച്ചു.ആവശ്യക്കാർ വർദ്ധിച്ചെങ്കിലും ഭക്ഷണ വിഭവങ്ങൾക്ക് വില കൂട്ടില്ലെന്ന് കിച്ചൻ മാനേജർമാർ വ്യക്തമാക്കി. പതിവ് വിലയിൽ തന്നെ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കും.തൊഴിലാളികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായുള്ള പ്രത്യേക ഇഫ്താർ പാക്കേജുകൾ 10 മുതൽ 25 റിയാൽ വരെ നിരക്കിൽ ലഭ്യമാണ്. ചോറ്, ചിക്കൻ, ഈന്തപ്പഴം, വെള്ളം, പാൽ എന്നിവയടങ്ങുന്നതാണ് ഈ കിറ്റുകൾ.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഡെലിവറി ആപ്പുകളും വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യങ്ങൾ മിക്ക അടുക്കളകളും സജീവമാക്കിയിട്ടുണ്ട്.ലുഖൈമാത്ത്, ബലാലീത് തുടങ്ങിയ പരമ്പരാഗത മധുരപലഹാരങ്ങൾക്കായി പ്രത്യേക ജീവനക്കാരെയും അധിക സജ്ജീകരണങ്ങളെയും ഏർപ്പെടുത്തി.തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ ജോലി സമയം വർദ്ധിപ്പിക്കുകയും ആരോഗ്യ മന്ത്രാലയത്തിന്റെ കർശനമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img