
ദോഹ: ആഗോള തപാൽ സേവന രംഗത്തെ മികവിനുള്ള 2025-ലെ ഇഎംഎസ് (EMS) പുരസ്കാരങ്ങളിൽ രണ്ട് സുപ്രധാന ബഹുമതികൾ ഖത്തർ പോസ്റ്റ് സ്വന്തമാക്കി. 'ഗോൾഡ് കസ്റ്റമർ കെയർ' അവാർഡ്, 'പെർഫോമൻസ് അവാർഡ്' എന്നിവയാണ് ഖത്തർ പോസ്റ്റ് നേടിയത്. സ്വിറ്റ്‌സർലൻഡിലെ ബേണിലുള്ള യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
ഉപഭോക്താക്കൾക്ക് നൽകുന്ന മികച്ച സേവനം, ആശയവിനിമയത്തിലെ സുതാര്യത, കൃത്യമായ പ്രതികരണം എന്നിവ പരിഗണിച്ചാണ് 'ഗോൾഡ് കസ്റ്റമർ കെയർ' പുരസ്കാരം നൽകിയത്. തപാൽ വിതരണത്തിലെ വേഗത, വിശ്വാസ്യത, ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയിലുള്ള മികവാണ് 'പെർഫോമൻസ് അവാർഡി'ന് ഖത്തർ പോസ്റ്റിനെ അർഹമാക്കിയത്.
അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച ലോജിസ്റ്റിക്സ് സേവനദാതാക്കളിൽ ഒന്നായി ഖത്തർ പോസ്റ്റ് മാറി.ഖത്തർ പോസ്റ്റിന്റെ സേവന നിലവാരത്തിനുള്ള തുടർച്ചയായ മൂന്നാം വർഷത്തെ അംഗീകാരമാണിതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹസ്സൻ ജാസിം അൽ സയ്യിദ് പറഞ്ഞു. ആഗോള നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനുള്ള ഖത്തർ പോസ്റ്റിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെയും ലോകത്തെയും മുൻനിര തപാൽ-ലോജിസ്റ്റിക്സ് സേവനദാതാക്കളെന്ന ഖത്തർ പോസ്റ്റിന്റെ സ്ഥാനം ഈ പുരസ്കാരങ്ങളിലൂടെ ഒരിക്കൽ കൂടി ഉറപ്പിക്കപ്പെട്ടിരിക്കുകയാണ്.










