
ദോഹ: ഖത്തർ സംസ്‌കാര മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫിലാറ്റലിക് ആന്റ് നുമിസ്മാറ്റിക് സെന്റർ ആറാമത് അജ്മാൻ അന്താരാഷ്ട്ര ഫിലാറ്റലിക് ആന്റ് നുമിസ്മാറ്റിക് എക്സിബിഷനിൽ പങ്കാളികളാകും. സെപ്റ്റംബർ 2 മുതൽ 6 വരെ അജ്മാനിലെ ബാഹി അജ്മാൻ പാലസ് ഹോട്ടലിലാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
അജ്മാൻ ടൂറിസം, കൾച്ചർ ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മേളയിൽ അപൂർവ്വ നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും പ്രദർശനം, ലേലം, ശില്പശാലകൾ, പ്രഭാഷണങ്ങൾ എന്നിവ നടക്കും. അന്താരാഷ്ട്ര തലത്തിൽ മുൻപും ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചിട്ടുള്ള സമിതി അംഗങ്ങളാണ് ഖത്തറിനെ പ്രതിനിധീകരിച്ച് എക്സിബിഷനിൽ പങ്കെടുക്കുക.
നാണയ, സ്റ്റാമ്പ് ശേഖരണ രംഗത്ത് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും ഈ മേഖലയിലെ താല്പര്യക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സെന്ററിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തം.











