
ദോഹ: രാജ്യത്തെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ ഖത്തർ നാഷണൽ തിയേറ്ററിന്റെ പുനരുദ്ധാരണ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിയേറ്ററിന്റെ സാങ്കേതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സുരക്ഷയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വ്യാഴാഴ്ച പബ്ലിക് വർക്സ് അതോറിറ്റിയാണ് (അഷ്ഗാൽ) പദ്ധതി പ്രഖ്യാപിച്ചത്. തിയേറ്ററിന്റെ ചില ഭാഗങ്ങൾ പുനർനിർമ്മിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യും. കൂടാതെ, അത്യാധുനിക ശബ്ദ-വെളിച്ച സംവിധാനങ്ങളും ആധുനിക സ്റ്റേജ് ഉപകരണങ്ങളും ഇവിടെ സജ്ജീകരിക്കും. അന്താരാഷ്ട്ര തലത്തിലുള്ള കലാപ്രകടനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും വേദിയൊരുക്കാൻ പ്രാപ്തമായ രീതിയിലാണ് പുതിയ മാറ്റങ്ങൾ വരുത്തുന്നത്.
കെട്ടിടത്തിന്റെ സുരക്ഷയും ദീർഘകാല നിലനിൽപ്പും ഉറപ്പാക്കുന്നതിനായി നടത്തിയ വിദഗ്ധ എഞ്ചിനീയറിംഗ് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ചില ഭാഗങ്ങൾ പുനർനിർമ്മിക്കാൻ തീരുമാനിച്ചതെന്ന് അഷ്ഗാൽ വ്യക്തമാക്കി. അതേസമയം, പതിറ്റാണ്ടുകളായി ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ തിയേറ്ററിന്റെ തനിമയാർന്ന വാസ്തുവിദ്യാ ഭംഗി അതുപോലെ തന്നെ നിലനിർത്തുമെന്നും അധികൃതർ അറിയിച്ചു.
ഖത്തറിലെ സാംസ്കാരിക അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നവീകരണമെന്ന് പ്രൊജക്റ്റ് എഞ്ചിനീയർ ഫൈസൽ അൽ ഖഹ്താനി പറഞ്ഞു. രാജ്യത്തെ കലാ സാംസ്കാരിക രംഗത്തിന് നിർണ്ണായക സംഭാവനകൾ നൽകിയ ചരിത്രപ്രാധാന്യമുള്ള ഈ ലാൻഡ്മാർക്കിനെ ഭാവിയിലെ വലിയ പരിപാടികൾക്കായി മികച്ച രീതിയിൽ സജ്ജമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.










