
ദോഹ: ഖത്തറും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ മ്യൂസിയംസും ഉസ്ബെക്കിസ്ഥാൻ ആർട്ട് ആന്റ് കൾച്ചർ ഡെവലപ്‌മെന്റ് ഫൗണ്ടേഷനും (ACDF) അഞ്ചുവർഷത്തെ സഹകരണ കരാറിൽ ഒപ്പുവെച്ചു.
ഖത്തർ മ്യൂസിയംസ് ബോർഡ് അംഗവും അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയുമായ ഡോ. മറിയം ബിന്ത് അലി ബിൻ നാസർ അൽ മിസ്നദും എ.സി.ഡി.എഫ് ചെയർപേഴ്‌സൺ ഗയാനെ ഉമറോവയും തമ്മിലാണ് ദോഹയിൽ കരാർ ഒപ്പുവെച്ചത്.
സംസ്കാരത്തിൽ നിക്ഷേപം നടത്തുന്നത്ത്യ അടിസ്ഥാനപരമായി ജനങ്ങളിൽ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്‌സൺ ശൈഖ അൽ മയാസ്സ ബിന്ത് ഹമദ് ബിൻ ഖലീഫ അൽ ഥാനി വ്യക്തമാക്കി. പൈതൃക സംരക്ഷണവും കഴിവുകളുടെ വികസനവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പങ്കാളിത്തമെന്നും അവർ കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകളായി നാഗരികതകളുടെ സംഗമകേന്ദ്രമായ ഉസ്ബെക്കിസ്ഥാന് ഈ കരാർ കലാകാരന്മാരുടെയും സമൂഹത്തിന്റെയും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ നിർണായക നാഴികക്കല്ലാണെന്ന് ഗയാനെ ഉമറോവയും അഭിപ്രായപ്പെട്ടു.പങ്കാളിത്തത്തിന്റെ ഭാഗമായി ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ സെപ്റ്റംബർ 3 മുതൽ നവംബർ 28 വരെ 'ഉസ്ബെക്കിസ്ഥാൻ: ഹെറിറ്റേജ് ഇൻ മോഷൻ' പ്രദർശനവും, ഖത്തറി കലാകാരന്മാരുടെ 'ഏക്താശിഫ് ഉസ്ബെക്കിസ്ഥാൻ' പ്രദർശനവും നടക്കുന്നുണ്ട്.
ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിലുള്ള ചരിത്രപ്രസിദ്ധമായ ബിബി-ഖാനം മസ്ജിദ് സമുച്ചയം പുനരുദ്ധരിക്കുന്നതിനായി 2024 അവസാനത്തോടെ ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് 4.175 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ സാംസ്കാരിക നയതന്ത്ര കരാർ.











