
ദോഹ: പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് ഖത്തർ മാലിന്യ സംസ്കരണ മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്തുന്നു. നിർമ്മാണ മേഖലയിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ടൺ അവശിഷ്ടങ്ങൾ സംസ്കരിച്ച് പൊതുമരാമത്ത്, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി പുനരുപയോഗിച്ചുകൊണ്ട് 'സർക്കുലർ എക്കോണമി' (Circular Economy) എന്ന ആശയം ഖത്തർ വിജയകരമായി നടപ്പിലാക്കുന്നു.
മൊത്തം ഉപഭോഗ ചെലവ് കുറയ്ക്കാനും പ്രകൃതിദത്ത വിഭവങ്ങളുടെ അമിത ചൂഷണം തടയാനും ഈ നീക്കം സഹായിക്കുന്നുണ്ട്.നഗരസഭ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2025 ഒക്ടോബർ വരെ 30 ലക്ഷത്തിലധികം (3mn) ടൺ പുനരുപയോഗ യോഗ്യമായ നിർമ്മാണ സാമഗ്രികൾ ഉത്പാദിപ്പിക്കുകയും വിവിധ പൊതു പദ്ധതികളിൽ ഉപയോഗിക്കുകയും ചെയ്തു.ഖത്തർ പ്രൈമറി മെറ്റീരിയൽസ് കമ്പനി (QPMC) 2020 മുതൽ റൗദത്ത് റാഷിദിലെ കേന്ദ്രം വഴി 2 കോടിയിലധികം (20mn) ടൺ നിർമ്മാണ അവശിഷ്ടങ്ങളാണ് ഖത്തർ മാനദണ്ഡങ്ങൾക്കനുസൃതമായി പുനരുപയോഗിച്ചത്. പ്രതിദിനം 14,000 ടൺ അവശിഷ്ടങ്ങൾ ഇവിടെ സംസ്കരിക്കുന്നു.പൊതുമരാമത്ത് അതോറിറ്റിയായ 'അഷ്ഗാൽ' 2025-ൽ മാത്രം 55.7 ലക്ഷത്തിലധികം (5.57mn) ടൺ നിർമ്മാണ വസ്തുക്കൾ പുനരുപയോഗിച്ചു. 30% ലക്ഷ്യമിട്ട സ്ഥാനത്ത് 63% റീസൈക്ലിംഗ് നിരക്ക് കൈവരിക്കാൻ അഷ്ഗാലിന് സാധിച്ചു.
മിസൈഈദ് ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് സമീപമുള്ള 'അൽ അഫ്ജ' (Al Afja) കേന്ദ്രം റീസൈക്ലിംഗ് വ്യവസായങ്ങളുടെ പ്രധാന കേന്ദ്രമായി വളരുകയാണ്. പ്ലാസ്റ്റിക്, ലോഹങ്ങൾ, പേപ്പർ, ടയറുകൾ, മരം എന്നിവ സംസ്കരിക്കുന്ന 51 പ്ലാന്റുകളിൽ 25 എണ്ണം നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
ഊർജ്ജ ഉൽപ്പാദനവും ജൈവവളവും:
മിസൈഈദിലെ ഗാർഹിക ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് (Domestic Solid Waste Management Centre) 2025-ൽ മാലിന്യത്തിൽ നിന്ന് 2,49,568 മെഗാവാട്ട് അവേഴ്സ് വൈദ്യുതി ഉത്പാദിപ്പിക്കുകയും 32,000 ടണ്ണിലധികം ജൈവവളം ഉണ്ടാക്കുകയും ചെയ്തു.
മാലിന്യങ്ങളെ കേവലം തള്ളിക്കളയാനുള്ള വസ്തുവായി കാണാതെ, തിരിച്ചെടുക്കാവുന്നതും ഉപയോഗപ്രദവുമായ വിഭവമായി കാണുന്ന പുതിയ സമീപനം രാജ്യത്തെ കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്ക് നയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.










