
ദോഹ: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റ് രംഗത്ത് കൂടുതൽ സുതാര്യതയും കാര്യക്ഷമതയും നിരീക്ഷണവും ഉറപ്പാക്കുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം 'മുആവിൻ' (Moawen) ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൻ്റെ ആദ്യ ഘട്ടം പുറത്തിറക്കി. പ്രമുഖ സാങ്കേതിക കമ്പനിയായ ഗൂഗിളുമായി (Google) സഹകരിച്ചാണ് മന്ത്രാലയം ഈ ഏകീകൃത പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
തൊഴിലുടമകൾ, റിക്രൂട്ട്‌മെൻ്റ് ഏജൻസികൾ, ഗാർഹിക തൊഴിലാളികൾ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതാണ് ഈ പ്ലാറ്റ്‌ഫോം. അപേക്ഷ സമർപ്പിക്കുന്നത് മുതൽ തൊഴിലാളി ജോലിയിൽ പ്രവേശിക്കുന്നത് വരെയുള്ള മുഴുവൻ നടപടികളും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷത്തിലൂടെ നിയന്ത്രിക്കാൻ ഇത് സഹായിക്കും.തൊഴിലുടമയും റിക്രൂട്ടിംഗ് ഏജൻസിയും തമ്മിലുള്ള കരാർ ഒപ്പിടൽ മുതൽ തൊഴിലാളിയുടെ ആഗമനവും ഔദ്യോഗിക തൊഴിൽ കരാർ പൂർത്തിയാക്കലും വരെയുള്ള മുഴുവൻ ഘട്ടങ്ങളും പ്ലാറ്റ്‌ഫോമിലൂടെ തത്സമയം നിരീക്ഷിക്കാം.തൊഴിലുടമകളുടെ അനുഭവങ്ങൾ മുൻനിർത്തി ഏജൻസികൾക്ക് സ്മാർട്ട് റേറ്റിംഗ് നൽകുന്ന സംവിധാനമുണ്ട്. ഇത് മികച്ച ഏജൻസികളെ തിരഞ്ഞെടുക്കാൻ തൊഴിലുടമകളെ സഹായിക്കുകയും ഏജൻസികൾ തമ്മിൽ സേവന നിലവാരം ഉയർത്താൻ മത്സരം ഉറപ്പാക്കുകയും ചെയ്യും.
മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള റിക്രൂട്ട്‌മെൻ്റ് ഏജൻസികളുടെ ലഭ്യമായ എല്ലാ ഓഫറുകളും പരിശോധിച്ച് വ്യക്തമായ തീരുമാനങ്ങളെടുക്കാൻ തൊഴിലുടമകൾക്ക് സാധിക്കും.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (2024–2030) എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്താൻ 'മുആവിൻ' പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുമെന്ന് മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഹമദ് ഫറജ് ദൽമൂക്ക് വ്യക്തമാക്കി.











