
ദോഹ: ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കൃത്യമായ വിവരങ്ങളും (Data) ശാസ്ത്രീയ പഠനങ്ങളും അടിസ്ഥാനമാക്കിയുള്ള നിയമനിർമ്മാണ ശൈലി പ്രോത്സാഹിപ്പിക്കാൻ ഖത്തർ. ലോക നിയമ ദിനാചരണത്തിന്റെ ഭാഗമായി മന്ത്രിസഭാ ജനറൽ സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച ലീഗൽ ഇന്റഗ്രേഷൻ ഫോറത്തിലാണ് (Legal Integration Forum) വരുംകാല നിയമനിർമ്മാണ തന്ത്രങ്ങൾ ചർച്ച ചെയ്തത്.
നിയമങ്ങൾ നിർമ്മിക്കുന്നതിനൊപ്പം അവ നടപ്പിലാക്കിയ ശേഷമുള്ള പ്രത്യാഘാതങ്ങളും നേട്ടങ്ങളും വിലയിരുത്തേണ്ടതിന്റെ (Impact Assessment) ആവശ്യകത ഫോറം ചൂണ്ടിക്കാട്ടി. നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദി, സിവിൽ സർവീസ് മന്ത്രാലയ പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ തുടങ്ങിയ ഉന്നതർ പങ്കെടുത്തു.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന സ്ട്രാറ്റജി (NDS3) എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ഭരണഘടനാ തത്ത്വങ്ങൾ പാലിച്ചുകൊണ്ട് നിയമനിർമ്മാണം വേഗത്തിലാക്കാൻ ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ഫോറം നിർദ്ദേശം നൽകി.വിവിധ ഗവൺമെന്റ് വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി കൂടുതൽ പ്രായോഗികവും ആധുനികവുമായ നിയമങ്ങൾ കൊണ്ടുവരാൻ ഫോറത്തിലെ തീരുമാനങ്ങൾ വഴിയൊരുക്കും.










