
നാഗോയ: ജപ്പാനിൽ നടക്കുന്ന ഇരുപതാം ഏഷ്യൻ ഗെയിംസിന് ("ഐച്ചി-നാഗോയ 2026") ആവേശം പകർന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC) നാഗോയയിൽ 'ഖത്തർ ഹൗസ്' (ബയ്ത് ഖത്തർ) പ്രവർത്തനം ആരംഭിച്ചു. ഗെയിംസ് കാണാനെത്തുന്ന കാണികൾക്ക് ഖത്തറിന്റെ സമ്പന്നമായ കായിക പാരമ്പര്യവും സംസ്‌കാരവും ആതിഥ്യമര്യാദയും നേരിട്ടറിയാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
നാഗോയയിലെ 'ടിയാഡ് നാഗോയ ഹോട്ടലിലാണ്' (TIAD Nagoya Hotel) ഖത്തർ ഹൗസ് സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ 4 വരെ തുടരുന്ന ഏഷ്യൻ ഗെയിംസ് കാലയളവിൽ പ്രതിദിനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും, ഉച്ചയ്ക്ക് 1 മുതൽ വൈകുന്നേരം 6 വരെയുമാണ് പ്രവേശനം. പ്രവേശനം സൗജന്യമാണ്. 2006-ൽ ദോഹ വേദിയായ ഏഷ്യൻ ഗെയിംസ് മുതൽ ഖത്തർ കൈവരിച്ച കായിക വളർച്ചയും, വരാനിരിക്കുന്ന "ദോഹ 2030" ഏഷ്യൻ ഗെയിംസിനായുള്ള ഒരുക്കങ്ങളും വിശദീകരിക്കുന്ന ഫോട്ടോ പ്രദർശനങ്ങളും ഡിജിറ്റൽ കാഴ്ചകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പരമ്പരാഗത ഖത്തറി ആതിഥേയത്വത്തിന്റെ പ്രതീകമായ 'മജ്‌ലിസ്' ആണ് കേന്ദ്രത്തിന്റെ പ്രധാന ആകർഷണം. സന്ദർശകർക്ക് അറബിക് കോഫി, ചായ, ഈന്തപ്പഴം, പരമ്പരാഗത 'രഖാഖ്' (Regaag) അപ്പം എന്നിവ ആസ്വദിക്കാം. സദൂ നെയ്ത്ത്, അറബിക് കാലിഗ്രാഫി, മൈലാഞ്ചി കല (ഹെന്ന ആർട്ട്) തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളുടെ തത്സമയ പ്രദർശനവുമുണ്ട്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ഖത്തറിന്റെ പശ്ചാത്തലത്തിൽ ചിത്രങ്ങളെടുക്കാനുള്ള ഫോട്ടോ ബൂത്തും ഡിജിറ്റൽ സവിശേഷതകളും ഒരുക്കിയിട്ടുണ്ട്.ഖത്തറി കലാകാരൻ മുബാറക് അൽ-മാലിക്കിന്റെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റ്കാർഡ് ശേഖരണ യാത്രയിലൂടെ സന്ദർശകർക്ക് പ്രത്യേക ഓർമ്മമുദ്രകൾ സ്വന്തമാക്കാം.
ഗെയിംസിൽ മെഡലുകൾ നേടുന്ന ഖത്തറി കായികതാരങ്ങൾക്കായുള്ള അഭിനന്ദന ചടങ്ങുകളും ഖത്തർ ഹൗസിൽ സംഘടിപ്പിക്കും.
ദോഹ 2006 മുതൽ ദോഹ 2030 വരെയുള്ള ഖത്തറിന്റെ കായിക യാത്രയുടെ നാഴികക്കല്ലാണ് നാഗോയയിലെ ഖത്തർ ഹൗസെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ-ബുവൈനൈൻ പറഞ്ഞു. ലോകോത്തര കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിച്ച് ആർജ്ജിച്ച അടിസ്ഥാന സൗകര്യങ്ങളും മികച്ച സംഘാടന മികവും 2030-ലെ ഗെയിംസിനായി ഖത്തറിനെ സജ്ജമാക്കുന്നുണ്ടെന്നും, ഏഷ്യൻ ഗെയിംസിലെ പങ്കാളിത്തം മറ്റ് ഏഷ്യൻ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










