
അബുദാബി: 35-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (ADIBF) അഡ്നെക് (ADNEC) സെന്ററിൽ പ്രൗഢോജ്ജ്വല തുടക്കം. "വായിക്കാം ലോകത്തെ, മാറ്റാം താളുകൾ" (Let's turn the page and read the world) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേള സെപ്റ്റംബർ 18 വരെ നീണ്ടുനിൽക്കും. ഖത്തർ സംസ്കാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഖത്തറും മേളയിൽ സജീവമായി പങ്കാളികളാകുന്നുണ്ട്.
95 രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരിക സ്ഥാപനങ്ങളും പ്രസാധകരും പങ്കെടുക്കുന്ന മേളയിൽ ഖത്തറിലെ സാംസ്കാരിക-സാഹിത്യ മേഖലയിലെ വൈവിധ്യമാർന്ന പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് ഖത്തർ മന്ത്രാലയം പ്രദർശിപ്പിക്കുന്നത്.
ഖത്തറിന്റെ സാംസ്കാരിക പൈതൃകവും ആധുനിക സാഹിത്യ സംഭാവനകളും ആഗോളതലത്തിൽ എത്തിക്കുന്നതിനും, ഗൾഫ്-അറബ് സാംസ്കാരിക സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തമാക്കുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് സാംസ്കാരിക മന്ത്രാലയത്തിലെ ലൈബ്രറീസ് വിഭാഗം ഡയറക്ടറും ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ ഡയറക്ടറുമായ ജാസിം അഹമ്മദ് അൽ ബുഐനൈൻ വ്യക്തമാക്കി. ഖത്തറി എഴുത്തുകാർക്കും സർഗ്ഗധനരായ പ്രതിഭകൾക്കും ആഗോള വായനക്കാരിലേക്ക് എത്താനുള്ള മികച്ച അവസരമാണ് ഈ മേളയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










