
ദോഹ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി എത്തുന്ന ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ഖത്തർ ഔദ്യോഗിക ഹജ്ജ് മിഷൻ സംഘം സൗദി അറേബ്യയിലേക്ക് തിരിച്ചു. ഔദ്യോഗിക പ്രതിനിധി സംഘം വെള്ളിയാഴ്ച ദോഹയിൽ നിന്ന് പുറപ്പെട്ടതായി ഇസ്ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്)
അറിയിച്ചു. ഖത്തറി തീർഥാടകർക്കായി മക്കയിലും മദീനയിലുമുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി ഹജ്ജ് മിഷന്റെ ഫീൽഡ് സപ്പോർട്ട് ടീമുകൾ ഇതിനകം തന്നെ സൗദിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
മക്കയിലെ അൽ നസീം ഡിസ്ട്രിക്റ്റിലുള്ള ആസ്ഥാനം കേന്ദ്രീകരിച്ചായിരിക്കും ഹജ്ജ് മിഷൻ പ്രവർത്തിക്കുകയെന്ന് ഹജ്ജ്-ഉംറ കാര്യ വകുപ്പ് ഡയറക്ടറും ഹജ്ജ് മിഷൻ ഡെപ്യൂട്ടി ഹെഡുമായ അലി ബിൻ സുൽത്താൻ അൽ മിസിഫ്രി പറഞ്ഞു. ഖത്തറിലെ വിവിധ ഹജ്ജ് ഗ്രൂപ്പുകളുമായും (ക്യാമ്പയിനുകൾ) സൗദി അധികൃതരുമായും ഏകോപിപ്പിച്ച് തീർഥാടകർക്ക് ഏറ്റവും മികച്ചതും കാര്യക്ഷമവുമായ സേവനങ്ങൾ നൽകാൻ മിഷൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തീർഥാടകർക്ക് ആവശ്യമായ മതപരമായ മാർഗനിർദേശങ്ങൾ, അടിയന്തര വൈദ്യസഹായം, ലോജിസ്റ്റിക്സ്, പരിശോധന, കമ്മ്യൂണിക്കേഷൻ, സാങ്കേതിക പിന്തുണ എന്നിവ ഉറപ്പാക്കാൻ പ്രത്യേക വിഭാഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ വിപുലമായ സമിതികൾ സംയുക്തമായി ചേർന്നാണ് തീർഥാടന യാത്രയിലുടനീളം തീർഥാടകർക്ക് തണലൊരുക്കുക.
ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ രീതിയിൽ കർമ്മങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യമൊരുക്കുകയാണ് മിഷന്റെ ലക്ഷ്യം. തീർഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മന്ത്രാലയം ആവിഷ്കരിച്ച 2025-2030 തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് ഈ വിപുലമായ ഒരുക്കങ്ങളെന്നും ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി.










