05:38am 13 November 2026
NEWS
ഖത്തർ ഹജ്ജ് മിഷൻ തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി; അറഫാ സംഗമം പൂർത്തിയാക്കി വിശ്വാസികൾ മുസ്ദലിഫയിലേക്ക്
26/05/2026  05:25 PM IST
nila
ഖത്തർ ഹജ്ജ് മിഷൻ തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി; അറഫാ സംഗമം പൂർത്തിയാക്കി വിശ്വാസികൾ മുസ്ദലിഫയിലേക്ക്

 

 

​മക്ക/ദോഹ: വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുത്ത് ഖത്തറിൽ നിന്നുള്ള തീർത്ഥാടകർ. ഇന്ന് (ചൊവ്വാഴ്ച - ദുൽഹിജ്ജ 9) രാവിലെ മുതൽ ലക്ഷക്കണക്കിന് വരുന്ന ഇതര രാജ്യങ്ങളിലെ തീർത്ഥാടകർക്കൊപ്പം ഖത്തറി ഹാജിമാരും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അറഫാ മൈതാനത്ത് നിലയുറപ്പിച്ചു. പ്രാർത്ഥനകളും പ്രകീർത്തനങ്ങളുമായി കഴിഞ്ഞുകൂടിയ തീർത്ഥാടകർ പ്രവാചകചര്യ പിന്തുടർന്ന് ദ്വുഹർ, അസർ നമസ്‌കാരങ്ങൾ ഒരുമിച്ച് ചുരുക്കി നിർവ്വഹിച്ചു.
​സൂര്യാസ്തമയത്തോടെ തീർത്ഥാടകർ മസ്അറുൽ ഹറാം ട്രെയിൻ (Holy Sites Train) മാർഗ്ഗം മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങി. ഇവിടെ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങൾ ഒരുമിച്ച് നിർവ്വഹിച്ച ശേഷം അവർ രാത്രി അവിടെ ചെലവഴിക്കും. തുടർന്ന് മിനായിലേക്ക് നീങ്ങുന്ന ഹാജിമാർ, ജംറത്തുൽ അഖബയിലെ കല്ലേറ് കർമ്മവും ബലിപെരുന്നാൾ ദിനത്തിലെ മറ്റ് ചടങ്ങുകളും പൂർത്തിയാക്കും. തിങ്കളാഴ്ച ഖത്തറി തീർത്ഥാടകർ മിനായിൽ തർവിയത്ത് ദിനം സമാധാനപരമായി ചെലവഴിച്ചിരുന്നു. സൗദി അധികൃതർ ഒരുക്കിയ മികച്ച സുരക്ഷാ-യാത്രാ സൗകര്യങ്ങളാണ് തിരക്ക് നിയന്ത്രിക്കുന്നതിനും തീർത്ഥാടകരുടെ സുഗമമായ യാത്രയ്ക്കും സഹായകരമായത്.തീർത്ഥാടകരുടെ സുരക്ഷയും ആശ്വാസവും ഉറപ്പാക്കാൻ ഖത്തർ ഔഖാഫ്-ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ് മിഷൻ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. വിശുദ്ധ നഗരങ്ങളിലെ സേവന വിഭാഗം, കമ്മ്യൂണിക്കേഷൻ & സപ്പോർട്ട് യൂണിറ്റ്, ശരീയത്ത് യൂണിറ്റ്, മെഡിക്കൽ യൂണിറ്റ്, മോണിറ്ററിംഗ് വിഭാഗം എന്നിവ ഇരുപത്തിനാല് മണിക്കൂറും സജീവമാണ്.അറഫയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം സജ്ജീകരിച്ച രണ്ട് അത്യാധുനിക ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘം ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ജനത്തിരക്കേറിയ സ്ഥലങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകൾക്ക് പുറമെ 'റാപ്പിഡ് ആംബുലൻസ് സ്കൂട്ടറുകളും' മിഷൻ രംഗത്തിറക്കിയിട്ടുണ്ട്.അടിയന്തര ഘട്ടങ്ങളിൽ പ്രഥമശുശ്രൂഷ നൽകാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ പരിഷ്‌കരിച്ച 'എച്ച്ടി റെസ്ക്യൂ ജാക്കറ്റ്' ധരിച്ച പാരാമെഡിക്സ് സംഘം തീർത്ഥാടകർക്കൊപ്പം ജനക്കൂട്ടത്തിനിടയിൽ സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും തിരക്കും കണക്കിലെടുത്താണ് ഈ സുരക്ഷാ മുൻകരുതലുകൾ.തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സുരക്ഷയും സൗകര്യങ്ങളും ഒരുക്കിയ സൗദി അറേബ്യൻ സർക്കാരിന്റെ വലിയ ശ്രമങ്ങളെ ഖത്തർ ഹജ്ജ് മിഷൻ പ്രശംസിച്ചു. ഖത്തർ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മിഷൻ വക്താക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img