
ദോഹ: ലബോറട്ടറി പരിശോധനകളിലും ജനിതക രോഗനിർണ്ണയത്തിലും (Genetic Testing) അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും സ്മാർട്ട് ഹെൽത്ത് സാങ്കേതികവിദ്യകളും നടപ്പിലാക്കി ഖത്തർ ആരോഗ്യരംഗം പുതിയ യുഗത്തിലേക്ക്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ലാബ് പ്രവർത്തനങ്ങളെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുകയും പരിശോധനാ ഫലങ്ങൾ രോഗികളുടെ മെഡിക്കൽ റെക്കോർഡുകളുമായി നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ അതിവേഗത്തിലും കൃത്യതയോടും കൂടി പരിശോധനാ ഫലങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്.
കൃത്രിമ ബുദ്ധി (AI), ഡാറ്റാ അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ ക്ലിനിക്കൽ തീരുമാനങ്ങൾ വേഗത്തിലാക്കാനും രോഗികളുടെ അനുഭവം മെച്ചപ്പെടുത്താനുമാണ് 'ഖത്തർ നാഷണൽ വിഷൻ 2030'-ന്റെ ഭാഗമായുള്ള ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.രക്തദാന രംഗത്ത് ശക്തമായ ജനപങ്കാളിത്തത്തോടെ ഖത്തർ സ്വയംപര്യാപ്തത കൈവരിച്ചതായി ഡോ. ഇനാസ് അറിയിച്ചു. അപൂർവ്വ രക്തഗ്രൂപ്പുകൾ 30 വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ക്രിയോപ്രിസർവേഷൻ (Cryopreservation) സാങ്കേതികവിദ്യ എച്ച്എംസി അവതരിപ്പിച്ചു. ഇതോടെ സങ്കീർണ്ണമായ അടിയന്തിര ഘട്ടങ്ങളെ നേരിടാൻ രാജ്യം സജ്ജമാണ്.
അതുപോലെ, അവയവമാറ്റ ശസ്ത്രക്രിയകളിൽ ശരീരം പുതിയ അവയവങ്ങളെ നിരസിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള അത്യാധുനിക ഹിസ്റ്റോകോംപാറ്റിബിലിറ്റി (Histocompatibility) ലാബ് സൗകര്യവും ഖത്തറിലുണ്ട്. കാൻസർ രോഗികൾക്കായുള്ള സ്റ്റെം സെൽ അധിഷ്ഠിത മജ്ജ മാറ്റിവെക്കൽ (Bone Marrow Transplant) നിരക്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.അനാട്ടമിക്കൽ പതോളജി ലബോറട്ടറിയിൽ പ്രതിവർഷം 60,000-ത്തിലധികം ടിഷ്യൂ സാമ്പിളുകൾ (Tissue Samples) പരിശോധിക്കുന്നുണ്ട്. ഇതിൽ 13 ശതമാനവും കാൻസർ അല്ലെങ്കിൽ കാൻസർ സാധ്യത സംശയിക്കുന്ന കേസുകളാണ്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കാൻസർ മുൻകൂട്ടി കണ്ടെത്താനും കൃത്യമായ ചികിൽസ വേഗത്തിൽ ലഭ്യമാക്കാനും ഈ സംവിധാനം സഹായിക്കുന്നു.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും എച്ച്എംസി വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഖത്തറിലെ ആദ്യ പതോളജി കോൺഫറൻസ് സംഘടിപ്പിച്ചതിന് പുറമെ, പ്രശസ്തമായ റോയൽ കോളേജ് ഓഫ് പതോളജിസ്റ്റ് ഫെലോഷിപ്പ് (FRCPath) പരീക്ഷകൾ നടത്തുന്നതിനുള്ള അംഗീകൃത കേന്ദ്രമായി എച്ച്എംസി മാറി. പ്രൊഫഷണലുകളുടെ മികവിലൂടെയും സാങ്കേതികവിദ്യയിലൂടെയും ഖത്തറിലെ ആരോഗ്യരംഗത്തിന്റെ ഗുണനിലവാരവും രോഗി സുരക്ഷയും വർദ്ധിപ്പിക്കുന്നതാണ് ഈ നേട്ടങ്ങളെന്ന് ഡോ. ഇനാസ് അൽ കുവാരി കൂട്ടിച്ചേർത്തു.











