
ദോഹ: ഏഴാമത് ഖത്തർ-ഈജിപ്ത് ജോയിന്റ് ഹയർ കമ്മിറ്റി യോഗം നാളെ (വ്യാഴാഴ്ച) നടക്കും. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേരുന്നത്. അടുത്തിടെ ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നടന്ന യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദെൽ-ആതിയും കൂടിക്കാഴ്ച നടത്തുകയും വരാനിരിക്കുന്ന കമ്മിറ്റി യോഗത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.ഈജിപ്തിൽ ഏകദേശം 750 ബില്യൺ ഡോളറിന്റെ (7.5 Billion USD) നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താൻ ഖത്തർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതികളുടെ അന്തിമരൂപരേഖ വൈകാതെ പുറത്തുവിടും.കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ 54 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്.
സാമ്പത്തികം, നിക്ഷേപം, നയതന്ത്രം, കൃഷി, ഭക്ഷ്യസുരക്ഷ, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ ശക്തമായ സഹകരണത്തിന് വഴിയൊരുക്കുന്ന ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.











