
ദോഹ:പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ കുടുംബങ്ങൾക്ക് വരുമാനമാർഗ്ഗം കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി ഖത്തർ ചാരിറ്റി നടപ്പിലാക്കിയ പദ്ധതിയിലൂടെ 600-ഓളം കുടുംബങ്ങളാണ് സാമ്പത്തിക ഭദ്രത കൈവരിച്ചത്. സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കിയത്.
വിധവകളും സമൂഹത്തിലെ ഏറ്റവും അർഹരായവരുമായ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് തയ്യൽ മെഷീനുകൾ, കൃഷിക്കാവശ്യമായ ഉപകരണങ്ങൾ, കന്നുകാലികൾ തുടങ്ങിയ വരുമാനദായക ഉപാധികൾ വിതരണം ചെയ്തു. ഇത് ഈ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമ്പത്തികമായി സ്വയംപര്യാപ്തരാകുന്നതിനും സഹായിച്ചതായി അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി ലഭിച്ച സഹായങ്ങൾ തങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും സ്ഥിരമായ ഒരു വരുമാനം ഉറപ്പാക്കാൻ ഇത് സഹായിച്ചെന്നും ഗുണഭോക്താക്കൾ പ്രതികരിച്ചു. അന്താരാഷ്ട്ര തലത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങാവാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും ഖത്തർ ചാരിറ്റി നടത്തുന്ന നിരന്തരമായ ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതി.










