
സാവോപോളോ:ബ്രസീലിലെ സാവോ പോളോയിൽ സംഘടിപ്പിച്ച അഞ്ചാമത് അറബ്-ബ്രസീലിയൻ സാമ്പത്തിക ഫോറത്തിൽ ഖത്തർ ചേംബർ പങ്കെടുത്തു. അറബ് രാജ്യങ്ങളും ബ്രസീലും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ഖത്തർ ചേംബർ ബോർഡ് അംഗവും ഫുഡ് സെക്യൂരിറ്റി, എൻവയോൺമെന്റ്, ടെക്നോളജി ആന്റ് ഇന്നൊവേഷൻ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ അഹമ്മദ് അൽ ഉബൈദ്‌ലി ഫോറത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ചു. 'ഭക്ഷ്യസുരക്ഷ, കാർഷിക ബിസിനസ്സ്, വളം വിതരണത്തിലെ സുസ്ഥിരത' എന്ന വിഷയത്തിൽ നടന്ന രണ്ടാമത് സെഷനിൽ അദ്ദേഹം സംസാരിച്ചു.
ഗ്ലോബൽ ലോജിസ്റ്റിക്സ് രംഗത്ത് ഖത്തറിന്റെ പങ്കിനെയും ഭക്ഷ്യസുരക്ഷാ രംഗത്തെ മുന്നേറ്റങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.ഭക്ഷ്യോത്പാദനം, വളം, കോൾഡ് ചെയിൻ ലോജിസ്റ്റിക്‌സ്, കാർഷിക സാങ്കേതികവിദ്യ (AgTech) എന്നീ മേഖലകളിൽ ഖത്തറിലെയും ബ്രസീലിലെയും സ്വകാര്യ മേഖലകൾ തമ്മിൽ ശക്തമായ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും അൽ ഉബൈദ്‌ലി വ്യക്തമാക്കി. Traditional രീതിയിലുള്ള വ്യാപാര ബന്ധങ്ങൾക്കപ്പുറം ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ നിക്ഷേപ പങ്കാളിത്തത്തിലേക്ക് മാറാൻ ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











