
ദോഹ: ഖത്തറും പോർച്ചുഗലും തമ്മിലുള്ള വാണിജ്യ, നിക്ഷേപ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി ഖത്തർ ചേംബർ ഉന്നതതല ചർച്ച നടത്തി. ഹോസ്പിറ്റാലിറ്റി, ഫിൻടെക് (സാമ്പത്തിക സാങ്കേതികവിദ്യ), റീട്ടെയിൽ തുടങ്ങി ഇരുരാജ്യങ്ങൾക്കും താല്പര്യമുള്ള പ്രധാന മേഖലകളിലെ സഹകരണ സാധ്യതകളാണ് പ്രധാനമായും അവലോകനം ചെയ്തത്.
ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ തവാർ അൽ കുവാരിയും, അറബ്-പോർച്ചുഗീസ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റും ലോവർ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ഉപദേശക സമിതി അധ്യക്ഷനുമായ മിഗുവൽ ഫ്രാസിസില്ലൊയും തമ്മിലാണ് ദോഹയിൽ കൂടിക്കാഴ്ച നടന്നത്.
പോർച്ചുഗലിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഖത്തറി നിക്ഷേപകർക്ക് താല്പര്യമുണ്ടെന്ന് കൂടിക്കാഴ്ചയിൽ മുഹമ്മദ് ബിൻ തവാർ വ്യക്തമാക്കി. വിദേശ നിക്ഷേപങ്ങൾക്കായി ഖത്തർ വിപണി തുറന്നിട്ടിരിക്കുകയാണെന്നും, പോർച്ചുഗീസ് സാങ്കേതികവിദ്യയും പരിചയസമ്പത്തും പ്രയോജനപ്പെടുത്തി സംയുക്ത സംരംഭങ്ങൾ ആരംഭിക്കാൻ ഖത്തറി പങ്കാളികൾ സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിൻടെക്, സേവന മേഖല, റീട്ടെയിൽ തുടങ്ങിയ രംഗങ്ങളിൽ ഖത്തറിലെ നിക്ഷേപ സാധ്യതകൾ പോർച്ചുഗീസ് നിക്ഷേപകർ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മിഗുവൽ ഫ്രാസിസില്ലൊ അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കുന്നതിനുമായി ഒരു 'ജോയിന്റ് ഖത്തർ-പോർച്ചുഗൽ ബിസിനസ് കൗൺസിൽ' രൂപീകരിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ഇരുനേതാക്കളും ചർച്ച ചെയ്തു.










