02:09am 21 November 2026
NEWS
ഇൻജുറി ടൈം ആവേശത്തിൽ ഖത്തർ; അണ്ടർ-17 ലോകകപ്പിൽ പനാമയെ വീഴ്ത്തി
20/11/2026  12:00 PM IST
nila
ഇൻജുറി ടൈം ആവേശത്തിൽ ഖത്തർ; അണ്ടർ-17 ലോകകപ്പിൽ പനാമയെ വീഴ്ത്തി

​ദോഹ: ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ പനാമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫിഫ അണ്ടർ-17 ലോകകപ്പിന് ഖത്തറിന്റെ മിന്നും തുടക്കം. സ്വന്തം കാണികൾക്ക് മുന്നിൽ, ആസ്പയർ സോണിലെ ഇബ്രാഹിം ഖൽഫാൻ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇൻജുറി ടൈമിലായിരുന്നു ഖത്തറിന്റെ രണ്ട് ഗോളുകളും പിറന്നത്.
​മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഖത്തറിന് പക്ഷേ, നിശ്ചിത 90 മിനിറ്റിലും പനാമയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാനായിരുന്നില്ല. 19-ാം മിനിറ്റിൽ ഹാദി ഖലീലും 33-ാം മിനിറ്റിൽ മൊഹ്‌സിൻ അൽ ഹജ്‌രിയും ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം പിഴച്ചു. രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ഖത്തറിനായി 60-ാം മിനിറ്റിൽ ഹാദി ഖലീൽ തൊടുത്ത ലോങ് റേഞ്ച് ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
​മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് നാടകീയമായ ട്വിസ്റ്റ് ഉണ്ടായത്. ബോക്സിനുള്ളിൽ ദിയാ അൽ-ദിൻ അൽ-അറബിയെ പനാമ താരം ഡൊമിംഗസ് വീഴ്ത്തിയതിന് ‘വാർ’ (VAR) പരിശോധനയിലൂടെ റഫറി പെനാൽറ്റി വിധിച്ചു. 90+1-ാം മിനിറ്റിൽ കിക്കെടുത്ത താഹ നാസർ പന്ത് വലയിലെത്തിച്ച് സ്റ്റേഡിയത്തെ ആവേശക്കടലാക്കി.
​ആദ്യ ഗോളിന്റെ ആഘാതത്തിൽ നിന്ന് പനാമ മുക്തരാകും മുൻപേ 90+5-ാം മിനിറ്റിൽ പകരക്കാരൻ അബ്ദുല്ലായെ എൻഡിയായെ ഖത്തറിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി. മികച്ചൊരു മുന്നേറ്റത്തിനൊടുവിലായിരുന്നു എൻഡിയായെയുടെ ഫിനിഷിംഗ്. ഈ വിജയത്തോടെ ഗ്രൂപ്പ് എ-യിൽ നിർണ്ണായകമായ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയ ഖത്തർ, ഈജിപ്തും ഗ്രീസും ഉൾപ്പെടുന്ന ഗ്രൂപ്പിൽ മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img