
ദോഹ: ഭീകരവിരുദ്ധ നയങ്ങളിലും നിയമ നിർവ്വഹണത്തിലും മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതും ശക്തമാക്കുന്നതുമായ വഴികളെക്കുറിച്ച് ഖത്തർ ദേശീയ മനുഷ്യാവകാശ കമ്മീഷനും (NHRC) ഐക്യരാഷ്ട്രസഭയുടെ കൗണ്ടർ ടെററിസം ഓഫീസും (UNOCT) ചർച്ച നടത്തി. ദോഹയിൽ നടന്ന ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിന്റെ ഭാഗമായി എന്.എച്ച്.ആർ.സി അധ്യക്ഷ എച്ച്.ഇ. മറിയം ബിൻത് അബ്ദുള്ള അൽ ആത്തിയ, യു.എൻ.ഒ.സി.ടി മുതിർന്ന ഉദ്യോഗസ്ഥൻ നൈജൽ ലാസറസുമായി കൂടിക്കാഴ്ച നടത്തി.
ഭീകരവിരുദ്ധ നടപടികളിൽ മനുഷ്യാവകാശ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തൽ, ഇരകൾക്കുള്ള പിന്തുണ, നിയമനിർമ്മാണങ്ങളുടെ അവലോകനം, വ്യക്തിഗത വിവരങ്ങളുടെയും സ്വകാര്യതയുടെയും സംരക്ഷണം എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന വിഷയങ്ങളായി. നിയമനിർവ്വഹണത്തിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗവും യോഗം വിലയിരുത്തി.
പാരീസ് തത്വങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ഉയർന്ന അംഗീകാരമുള്ള ('A' സ്റ്റാറ്റസ്) സ്വതന്ത്ര ദേശീയ സ്ഥാപനമെന്ന നിലയിൽ എൻ.എച്ച്.ആർ.സി കൈക്കൊള്ളുന്ന പ്രവർത്തനങ്ങൾ അൽ ആത്തിയ വിശദീകരിച്ചു. മെയ് മാസത്തിൽ കമ്മീഷനും ദോഹയിലെ യു.എൻ ഓഫീസും തമ്മിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ച.
വ്യക്തിസ്വാതന്ത്ര്യം, നീതിപൂർവ്വമായ വിചാരണ, പീഡന നിരോധനം, അഭയാർത്ഥികളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തിരിച്ചയക്കാതിരിക്കൽ (non-refoulement) തുടങ്ങിയ നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ ഭീകരവിരുദ്ധ നടപടികളിൽ പാലിക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ എടുത്തുപറഞ്ഞു. ദേശീയ നിയമങ്ങളും നടപടികളും അന്താരാഷ്ട്ര മനുഷ്യാവകാശ നിബന്ധനകൾക്ക് അനുസൃതമായിരിക്കണമെന്നും വിലയിരുത്തി.
യു.എൻ ഓഫീസിന്റെ ദോഹ ബ്രാഞ്ചുമായി സഹകരിച്ച് ഭാവിയിൽ നടപ്പിലാക്കേണ്ട മുൻഗണനകളും തുടർനടപടികളും നിർണ്ണയിക്കുന്നതിനുള്ള ഏകോപന സംവിധാനത്തിനും സംയുക്ത സംരംഭങ്ങൾക്കും ഇരുവിഭാഗവും രൂപം നൽകി.










