
ദോഹ: പാസ്‌പോർട്ട്, റെസിഡൻസി സേവന രംഗങ്ങളിൽ സഹകരണം ശക്തമാക്കുന്നതിനും മികച്ച അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമായി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) സന്ദർശിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടിന് കീഴിലെ യൂണിഫൈഡ് സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മോഹന്നദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.
അബുദാബിയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.
പാസ്‌പോർട്ട്, റെസിഡൻസി സേവന മേഖലകളിലെ മികച്ച മാതൃകകൾ വിലയിരുത്തുക, ഡിജിറ്റൽ പരിവർത്തനം, നടപടിക്രമങ്ങൾ ലളിതമാക്കൽ, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തൽ എന്നീ കാര്യങ്ങളിൽ പരസ്പരം പരിചയസമ്പത്ത് കൈമാറുക എന്നിവയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും വേഗത്തിലുള്ളതുമായ സേവനങ്ങൾ ലഭ്യമാക്കാൻ ഈ സഹകരണം സഹായകരമാകും.










