
ദോഹ/ജക്കാർത്ത: ഖത്തറും ഇന്തോനേഷ്യയും തമ്മിലുള്ള നയതന്ത്ര-സഹകരണ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ രാഷ്ട്രീയ കൂടിയാലോചനകൾ (Political Consultations) നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.
ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെ ഖത്തർ-ഇന്തോനേഷ്യ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള പ്രഥമ ഘട്ട രാഷ്ട്രീയ കൂടിയാലോചന തിങ്കളാഴ്ച ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ വെച്ച് നടന്നു. ചർച്ചയിൽ ഖത്തർ പ്രതിനിധി സംഘത്തെ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയും, ഇന്തോനേഷ്യൻ പക്ഷത്തെ വിദേശകാര്യ ഉപമന്ത്രി മുഹമ്മദ് അനീസ് മത്തയും നയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ നിലവിലെ പുരോഗതിയും, വിവിധ മേഖലകളിൽ ബന്ധം കൂടുതൽ ഊർജ്ജിതമാക്കാനുള്ള സാധ്യതകളും പ്രഥമ ഘട്ട ചർച്ചയിൽ വിലയിരുത്തി. പ്രാദേശികവും അന്തർദ്ദേശീയവുമായ പുതിയ വികാസങ്ങളും, പരസ്പര താൽപ്പര്യമുള്ള ഒട്ടനവധി ആഗോള വിഷയങ്ങളും ഇരുനേതാക്കളും തമ്മിൽ വിശദമായി ചർച്ച ചെയ്തു.










