
ദോഹ:ആകാശപാതയിൽ പുതുചിറകുകൾ വിരിച്ച് ഖത്തർ എയർവേയ്സ് സൗദി അറേബ്യയിലെ ഹായിൽ നഗരത്തിൽ
പറന്നിറങ്ങി.ഹമദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് ഹായിൽ ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കുള്ള ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള സർവീസുകളോടെ പുതിയ യാത്രാപഥമാണ് ആരംഭിച്ചത്.സൗദി അറേബ്യയിലെ ഖത്തർ എയർവേയ്സിന്റെ 13-ാമത്തെ ലക്ഷ്യസ്ഥാനമായി ഹായിൽ മാറുമ്പോൾ, രാജ്യമാകെ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള വിമാനക്കമ്പനിയുടെ ദീർഘകാല ദർശനമാണ് ഇതിലൂടെ വ്യക്തമായത്. ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ദക്ഷിണ കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകൾക്ക് സൗദി അറേബ്യയുടെ വടക്ക്-മധ്യ മേഖല കൂടുതൽ അടുത്താകുകയാണ്.
ഹായിൽ ഉൾപ്പെടെ അബ്ഹ, അൽഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, ഖസ്സിം, റിയാദ്, തബൂക്ക്, തായിഫ്, റെഡ് സീ, യാൻബു തുടങ്ങിയ 13 സൗദി നഗരങ്ങളിലേക്ക് 150-ലധികം ആഴ്ചവാര സർവീസുകൾ ഖത്തർ എയർവേയ്സ് ഇപ്പോൾ നടത്തുന്നു.2025-ൽ സ്കൈട്രാക്സ് തിരഞ്ഞെടുത്ത ലോകത്തിലെ മികച്ച എയർലൈൻ എന്ന ബഹുമതിയോടെ, ദോഹയിലെ ഹമദ് ഇന്റർനാഷണൽ വിമാനത്താവളം വഴി ലോകത്തെ 170-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക്സർവീസ് നടത്തുന്നു











