04:37am 26 October 2026
NEWS
നാല് പുതിയ സ്വകാര്യ വിദ്യാലയങ്ങൾക്കായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം കരാറുകൾ ഒപ്പുവെച്ചു
25/10/2026  03:41 PM IST
nila
നാല് പുതിയ സ്വകാര്യ വിദ്യാലയങ്ങൾക്കായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം കരാറുകൾ ഒപ്പുവെച്ചു

 


​ദോഹ: ഖത്തറിലെ വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് പുതിയ സ്വകാര്യ വിദ്യാലയങ്ങളുടെ നിർമ്മാണത്തിനും നടത്തിപ്പിനുമുള്ള കരറുപത്രങ്ങളിൽ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) ഒപ്പുവെച്ചു. പൊതുമരാമത്ത് വകുപ്പ് (അശ്ഗാൽ), വാണിജ്യ വ്യവസായ മന്ത്രാലയം (MoCI), വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ ടെൻഡർ നടപടികളിലൂടെ വിജയികളായ ദേശീയ കമ്പനികളുമായാണ് കരാറുകൾ ഉറപ്പിച്ചത്.
​വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിന്ത് റാഷിദ് അൽ ഖാതിർ, വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി, അശ്ഗാൽ പ്രസിഡന്റ് എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുൽ അസീൽ അൽ മീർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. മന്ത്രാലയത്തിന് വേണ്ടി പ്രൈവറ്റ് എജ്യുക്കേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഉമർ അബ്ദുൽ അസിസ് അൽ നുഐമിയാണ് കരാറുകളിൽ ഒപ്പുവെച്ചത്.അൽ വുഖൈറിൽ ഇന്ത്യൻ കരിക്കുലത്തിൽ 'ഇന്ത്യൻ ഇസ്ലാമിക് സ്കൂൾ' (ബ്രൈൽ മുയ്ദു സിദ്ദീഖ്), ഈജിപ്ഷ്യൻ കരിക്കുലത്തിൽ 'കാർഡിഫ് ഇന്റർനാഷണൽ സ്കൂൾ' (ഡോ. ഹമദ് മുബാറക് അൽ കഅബി), അൽ മൻസൂറയിൽ ഇന്ത്യൻ കരിക്കുലത്തിൽ 'പേൾ പോദാർ സ്കൂൾ' (മുഹമ്മദ് നിസാർ), അൽ സൈലിയയിൽ ഇന്ത്യൻ കരിക്കുലത്തിൽ 'അൽ സൈത്തൂൻ ഇന്റർനാഷണൽ സ്കൂൾ' (സാലിഹ് അബ്ദുല്ല അൽ സുലൈതി) എന്നിവയാണ് ആരംഭിക്കുന്നത്.നിക്ഷേപകരെ ആകർഷിക്കുന്നതിനായി കസ്റ്റംസ് ഇളവുകൾ, വൈദ്യുതി-ജല നിരക്കുകളിൽ ഇളവ്, ഭൂമി അനുവദിക്കൽ, പാഠപുസ്തകങ്ങളുടെ ലഭ്യത, ഖത്തരി വിദ്യാർത്ഥികൾക്കുള്ള എജ്യുക്കേഷണൽ വൗച്ചറുകൾ തുടങ്ങി വിവിധ ആനുകൂല്യങ്ങൾ സർക്കാർ നൽകിവരുന്നുണ്ട്.
​ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പൊതു-സ്വകാര്യ പങ്കാളിത്തം (PPP) ശക്തിപ്പെടുത്തുന്നതിന്റെയും, രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.നിലവിൽ ഖത്തറിൽ 25 വ്യത്യസ്ത കരിക്കുലങ്ങളിലായി 354 സ്വകാര്യ സ്കൂളുകളും കിന്റർഗാർട്ടനുകളുമാണ് പ്രവർത്തിക്കുന്നത്. ഇതിൽ 2,71,090-ലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img