
ദോഹ: പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് ബർസാൻ ഹോൾഡിംഗ്സ് നിർമ്മിച്ച ഖത്തറിലെ ആദ്യത്തെ പ്രാദേശിക ഷോട്ട്ഗൺ വെടിയുണ്ട ഉൽപ്പാദന ലൈനായ 'സഹ്ബ' (Zahba) ഔദ്യോഗികമായി പുറത്തിറക്കി. സുഹൈൽ അന്താരാഷ്ട്ര വേട്ടയാടൽ, ഫാൽക്കണറി പ്രദർശന വേദിയിലാണ് ഈ പ്രഖ്യാപനമുണ്ടായത്.
നായാട്ട്, കായിക മത്സരങ്ങൾ, തുറസ്സായ സ്ഥലങ്ങളിലെ ഷൂട്ടിംഗ് പരിശീലനങ്ങൾ എന്നിവയ്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള 'സഹ്ബ' വെടിയുണ്ടകൾ 24, 28, 36 ഗ്രാം ഭാരങ്ങളുള്ള വിവിധ ഇനങ്ങളിൽ ലഭ്യമാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായും സി.ഐ.പി (CIP) സ്റ്റാൻഡേർഡുകൾ പൂർണ്ണമായും പാലിച്ചുമാണ് ഇവയുടെ നിർമ്മാണം നടത്തുന്നതെന്ന് ബർസാൻ കമ്പനി അറിയിച്ചു.
പ്രദർശനത്തിൽ വൻ ജനശ്രദ്ധയാണ് 'സഹ്ബ'യ്ക്ക് ലഭിക്കുന്നത്. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി, ഷൂട്ടിംഗ് ലൈസൻസുള്ള വ്യക്തികൾക്കായി സുഹൈൽ എക്സിബിഷൻ കാലയളവിൽ മാത്രമാണ് ഇവയുടെ വിൽപന ലഭ്യമാക്കിയിട്ടുള്ളത്.










