
ദോഹ:വേനൽച്ചൂടിന്റെ കനൽക്കാറ്റുകളെ തണുപ്പണിയിച്ച്, ഖത്തറിന്റെ തെരുവുകളും പൊതുയിടങ്ങളും വസന്തത്തിന്റെ കുളിരിലേക്ക് വാതിലുകൾ തുറക്കുന്നു. സഹിക്കാനാവാത്ത ചൂടിനെയും ഈർപ്പത്തെയും അതിജീവിച്ച്, വേനൽക്കാലത്തും ജനങ്ങൾക്ക് സുഖകരമായി ഇറങ്ങിനടക്കാനും സമയം ചെലവഴിക്കാനുമായി അത്യാധുനിക 'ഔട്ട്‌ഡോർ കൂളിംഗ്' (Outdoor Cooling) സാങ്കേതികവിദ്യ വിപുലീകരിക്കുകയാണ് രാജ്യം.ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തതനുസരിച്ച്, തണലും തണുപ്പും മേയുന്ന പുതിയ വഴിയോരങ്ങൾ രാജ്യത്തിന്റെ വിനോദസഞ്ചാരത്തിനും കച്ചവടമേഖലയ്ക്കും ഉണർവ് പകരുകയാണ്. ഭൂഗർഭ തണുപ്പിക്കൽ ശൃംഖലകളും അത്യാധുനിക എയർ കണ്ടീഷനിംഗ് എഞ്ചിനീയറിംഗും കോർത്തിണക്കിയാണ് ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) ഈ കുളിർക്കാറ്റൊരുക്കുന്നത്.പുറത്ത് താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമ്പോഴും, തെരഞ്ഞെടുക്കപ്പെട്ട ഈ കേന്ദ്രങ്ങളിൽ 22 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് നിലനിർത്താൻ സാധിക്കുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ വീടുകളിലും ശീതീകരിച്ച മാളുകളിലും ഒതുങ്ങിപ്പോകുമായിരുന്ന നഗരജീവിതത്തിന്, പുതിയ സാങ്കേതികവിദ്യ തുറസ്സായ ഇടങ്ങളിൽ നവോന്മേഷം പകരുന്നു.
ലുസൈൽ ബൊളിവാർഡ്, ലഫായെറ്റ് സ്ട്രീറ്റ്, മഷൈറെബ് ഡൗൺടൗൺ, അൽ ഹസ്രം മാൾ, വെസ്റ്റ് വോക്ക്, ഗെവാൻ ഐലൻഡ്, സൂഖ് വാഖിഫ് തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലും അൽ ഗരാഫ, ഉമ്മുൽ സെനീം, റൗദത്ത് അൽ ഹമാമ തുടങ്ങിയ പാർക്കുകളിലും ഈ തണുപ്പ് സംവിധാനം ഇതിനകം പ്രവർത്തനക്ഷമമാണ്.
സാന്ദ്രതയും ആവശ്യകതയും കൃത്യമായി പഠിച്ച ശേഷമാണ് ഓരോ പ്രദേശത്തും പദ്ധതി നടപ്പിലാക്കുന്നതെന്ന് കഹ്‌റാമ ഡിസ്ട്രിക്റ്റ് കൂളിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എഞ്ചിനീയർ ജമാൽ യൂസഫ് അൽ ദർബസ്തി വ്യക്തമാക്കി.
സാധാരണ എയർ കണ്ടീഷണറുകളിൽ നിന്ന് വ്യത്യസ്തമായി, കേന്ദീകൃത പ്ലാന്റുകളിൽ തണുപ്പിച്ച വെള്ളം ഭൂഗർഭ പൈപ്പുകളിലൂടെ എത്തിക്കുന്ന 'ഡിസ്ട്രിക്റ്റ് കൂളിംഗ്' (District Cooling) രീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്. പരമ്പരാഗത രീതികളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവു വരുത്താൻ ഇതിലൂടെ സാധിക്കുന്നു. ഇത് കാർബൺ ഉദ്‌വമനം കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും സഹായിക്കുന്നുവെന്ന് കഹ്‌റാമ ചൂണ്ടിക്കാട്ടുന്നു.
ആഗോള നിലവാരത്തേക്കാൾ ഉയർന്ന കാര്യക്ഷമതയിലാണ് ഖത്തറിലെ കൂളിംഗ് പ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്ന് കഹ്‌റാമ പ്ലാനിംഗ് വിഭാഗം തലവൻ എഞ്ചിനീയർ ഹമദ് ബവാസീർ പറഞ്ഞു.
വേനൽക്കാലത്ത് തെരുവ് കച്ചവട രംഗത്തുണ്ടാകാറുള്ള മന്ദത പരിഹരിക്കാൻ ഈ തണുപ്പ് സംവിധാനങ്ങൾ വലിയ അളവിൽ സഹായിച്ചതായി സൂഖ് വാഖിഫിലെയും മഷൈറെബിലെയും വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. കനത്ത ചൂടിലും ഭയപ്പെടാതെ നടക്കാനും കാഴ്ചകൾ കാണാനും സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് സന്ദർശകരും.
സ്റ്റേഡിയങ്ങളിൽ തുടങ്ങി ഇപ്പോൾ തെരുവുകളിലേക്കും പൊതുയിടങ്ങളിലേക്കും പടർന്ന ഈ കുളിർതണൽ, ഖത്തറിന്റെ നഗരജീവിതത്തിന് വേനൽക്കാലത്തും വസന്തത്തിന്റെ ചാരുത നൽകുകയാണ്










