12:31pm 15 August 2026
NEWS
ഹൈക്കോടതിയിലേക്ക് പി.എസ്.സി: വിവരങ്ങൾ നൽകില്ലെന്ന് കടുംപിടുത്തം; വിവാദ പരീക്ഷയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതം
17/07/2026  09:22 AM IST
സുരേഷ് വണ്ടന്നൂർ
ഹൈക്കോടതിയിലേക്ക് പി.എസ്.സി: വിവരങ്ങൾ നൽകില്ലെന്ന് കടുംപിടുത്തം; വിവാദ പരീക്ഷയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതം

​തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ  കൂടുതൽ പ്രതിരോധത്തിലാവുന്നുവിവരാവകാശ കമ്മിഷൻ ഉത്തരവിട്ട പ്രകാരം പരീക്ഷാ വിവരങ്ങൾ ഉദ്യോഗാർത്ഥിക്ക് കൈമാറാൻ തയ്യാറാകാത്ത പി.എസ്.സി, ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ പരീക്ഷാ ക്രമക്കേടുകളിൽ കമ്മിഷൻ വിവരങ്ങൾ ഒളിച്ചുവെക്കുകയാണെന്ന ആക്ഷേപം ശക്തമായി.
​മാർക്ക് വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു
​ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്ക് ഒന്നേകാൽ ലക്ഷം രൂപ ശമ്പളത്തിലാണ് നിയമനം. ഈ പരീക്ഷയിലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ പരീക്ഷാ-അഭിമുഖ മാർക്കുകൾ 7 ദിവസത്തിനകം നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവാണ് പി.എസ്.സി തള്ളിയത്. മൂന്നാം റാങ്ക് ലഭിച്ച കെ.ശ്യാം കൃഷ്ണൻ എന്ന ഉദ്യോഗാർത്ഥിയാണ് വിവരങ്ങൾ ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്. എന്നാൽ, ഒന്നാം റാങ്ക് ലഭിച്ച ഇടതു സർവീസ് സംഘടനാ നേതാവ് അരുൺ ജെ.പ്രതാപിന്റെ മാർക്കുകൾ അടക്കമുള്ള വിവരങ്ങൾ പുറത്തുവിടാൻ പി.എസ്.സി മടിക്കുകയാണെന്ന് ആരോപണമുണ്ട്.


​ഷോർട്ട് ലിസ്റ്റിൽ ഒരാൾ മാത്രം; ട്രിബ്യൂണലിൽ കേസ്


​പേഴ്സ്പെക്ടീവ് പ്ലാനിംഗ് ചീഫ് തസ്തികയുടെ ഷോർട്ട് ലിസ്റ്റിൽ വെറും ഒരാൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. പരീക്ഷ എഴുതിയ മറ്റാർക്കും യോഗ്യതയില്ലെന്നാണ് പി.എസ്.സിയുടെ വാദം. എന്നാൽ ഇതിൽ ക്രമക്കേട് ആരോപിച്ച് ഒഴിവാക്കപ്പെട്ട ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെ ഈ തസ്തികയിലേക്കുള്ള അഭിമുഖ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്.
​പൊതുപരീക്ഷയിലെ 10 ചോദ്യങ്ങൾക്ക് മാർക്കിട്ടിട്ടില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പി.എസ്.സി പരീക്ഷാ കൺട്രോളറുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്ന് നിലവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.
​പി.എസ്.സി ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് റെയ്ഡ്
​കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം പി.എസ്.സി ആസ്ഥാനത്ത് മൂന്ന് മണിക്കൂറിലധികം നീണ്ട വിശദമായ പരിശോധന നടത്തി. പരീക്ഷാ മൂല്യനിർണ്ണയ ഫയലുകൾ, ജീവനക്കാരുടെ മൊഴികൾ, ആഭ്യന്തര സോഫ്റ്റ്‌വെയർ എന്നിവ സംഘം പരിശോധിച്ചു. മാർക്കിട്ട വിവരങ്ങൾ, ടാബുലേഷൻ രേഖകൾ, അഭിമുഖ പട്ടിക എന്നിവ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട രേഖകളെല്ലാം ഇന്ന് തന്നെ കൈമാറുമെന്ന് പി.എസ്.സി അറിയിച്ചിട്ടുണ്ട്. ഈ രേഖകൾ പൂർണ്ണമായി പരിശോധിച്ച ശേഷം കേസെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img