NEWS
പി.എസ്.സി മേലാളർ നടത്തിയത് കൊടും ചതി; വിശ്വാസ്യത വീണ്ടെടുക്കാൻ സമഗ്രമായ അന്വേഷണം മാത്രം പോരാ
16/11/2026 04:58 PM IST
ചെറുകര സണ്ണീലൂക്കോസ്

കേരളം രൂപീകൃതമായ 1956 നവംബർ 1 മുതൽ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഭരണഘടനാ സ്ഥാപനമാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനുകൾ ഉൾപ്പെടെ 30 പബ്ലിക് സർവ്വീസ് കമ്മിഷനുകൾ രാജ്യത്തുണ്ടെങ്കിലും ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തുന്ന കമ്മിഷൻ കേരളത്തിലാണ്. അതിനൊരു കാരണം മിക്കവാറും സംസ്ഥാനങ്ങളിലും പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഓരോ വകുപ്പുകൾക്കും വെവ്വേറെ റിക്രൂട്ട്മെന്റ് ബോർഡുകളോ ഏജൻസികളോ ഉണ്ട്. എന്നാൽ കേരളത്തിൽ മിക്കവാറും എല്ലാ സർക്കാർ വകുപ്പിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും നിയമനങ്ങൾ പി.എസ്.സിയിലൂടെയാണ് നടത്തുന്നത്.
കേരള പി.എസ്.സിയുടെ ഭരണനിർവ്വഹണം നടത്തുന്നവർ അതത് കാലത്ത് ഭരിക്കുന്ന സർക്കാരുകളോട് വിധേയത്വം പുലർത്തുന്നവരായിരുന്നു എക്കാലവും. സ്വാഭാവികമായും കക്ഷിരാഷ്ട്രീയത്തിന്റെ താൽപ്പര്യപ്രകാരമുള്ള ശുപാർശകളും സമ്മർദ്ദങ്ങളും ചെയർമാന്റെയും മെമ്പർമാരുടെയും മേൽ ഉണ്ടാകുന്നത് പതിവുമായിരുന്നു. അപ്പോൾ അവർ പരമാവധി ചെയ്യുമായിരുന്നത് അഭിമുഖത്തിനുള്ള മാർക്ക് ഒരു പരിധിക്കുള്ളിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥിക്കായി കൂട്ടിയിട്ടുകൊടുക്കുന്നു. എഴുത്തുപരീക്ഷയിലും തരക്കേടില്ലാത്ത മാർക്ക് ലഭിച്ചയാളാണെങ്കിൽ അഭിമുഖത്തിന്റെ മാർക്കും കൂടിയാകുമ്പോൾ ലിസ്റ്റിൽ മുന്നിലെത്തുന്നു.
ഇതിനുമപ്പുറം ഒരു സ്വജനപക്ഷ പാതമോ അഴിമതിയോ കേരള പി.എസ്.സിയിൽ നടത്തിയിരുന്നില്ല എന്നതുകൊണ്ടാണ് ഒരു ദശാബ്ദം മുമ്പ് വരെ കേരള പി.എസ്.സിയുടെ വിശ്വാസ്യത വലിയ ക്ഷതം ഒന്നും ഏൽക്കാതെ നിലനിന്നത്. അങ്ങനെ വിശ്വസ്തം എന്നും, യോഗ്യതയുള്ളവർക്ക് ജോലി ലഭ്യമാകും എന്നെല്ലാം സാധാരണ ജനം കരുതിപ്പോന്ന ഭരണഘടനാ പിൻബലമുള്ള സ്ഥാപനത്തെയാണ് അധികാരം ആഘോഷിച്ച സ്ഥാപിത താൽപ്പര്യക്കാർ അവരുടെ ക്വട്ടേഷൻ സ്ഥാപനമാക്കി കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് തരംതാഴ്ത്തിക്കളഞ്ഞത്. ചരിത്രത്തിലില്ലാത്ത വിധം കേരള പി.എസ്.സിയിൽ സ്വന്തക്കാർക്കും, വിധേയർക്കും വേണ്ടി നിയമനങ്ങളിൽ ആസൂത്രിതമായ അട്ടിമറിയും തട്ടിപ്പും അഴിമതിയും ക്രമക്കടുമാണ് സമീപവർഷങ്ങളിൽ ചെയർമാൻ പദവിയിലിരുന്നവരും ചില മെമ്പർമാരും ഇവർക്ക് വിധേയരായ കുറേ ഉദ്യോഗസ്ഥരും കൂടി ചെയ്തത്.
അത് പുറത്തുവരാൻ കുറേ വൈകിയെന്നുമാത്രം. പി.എസ്.സി വഴി നിയമനം നടത്തുന്ന ഏറ്റവും ഉയർന്ന തസ്തികകളിൽ ഒന്നാണ് ആസൂത്രണബോർഡിലെ 'ചീഫ്' തസ്തിക. ഒന്നേകാൽ ലക്ഷത്തിലേറെ രൂപ തുടക്കത്തിൽ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലി. ഈ തസ്തികയിൽ തന്നെ വിവിധ വിഭാഗങ്ങളിലായി ഏഴുപേരുടെ നിയമനം പി.എസ്.സിയാണ് നടത്തുന്നത്.
2019 ൽ സോഷ്യൽസർവ്വീസ് വിഭാഗം ചീഫിന്റെ എഴുത്തുപരീക്ഷയിൽ ഒന്നാമതായിരുന്നത് സൗമ്യ എന്ന ഒരു ദളിത് യുവതി. അഭിമുഖത്തിനുള്ള പരമാവധി മാർക്ക് 40, അല്ലെങ്കിൽ 36 മാർക്ക് വീതം 3 പേർക്ക് ലഭിക്കുന്നു. അതോടെ ആ മൂന്ന് പേരും 10 പേരുള്ള റാങ്ക് ലിസ്റ്റിൽ മുന്നിലെത്തുന്നു. അവർ 200 മാർക്കുള്ള എഴുത്തുപരീക്ഷയിൽ പിന്നിലായിരുന്നു.
എഴുത്തുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഉദ്യോഗാർത്ഥിക്കാകട്ടെ അഭിമുഖത്തിന് നൽകുന്ന ഏറ്റവും കുറവുമാർക്കായ 11 നൽകി. അതോടെ ലിസ്റ്റിൽ സൗമ്യ നാലാമതായി. അമിതമായ മാർക്ക് ദാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഇനി ഇങ്ങനെ അഭിമുഖത്തിന് അസാധാരണമായി മാർക്ക് ദാനം ചെയ്യില്ലെന്ന് കോടതിക്ക് ഉറപ്പുനൽകി പി.എസ്.സി നിയമനത്തിന്റെ മുന്നിൽ തടി രക്ഷിച്ചു. എന്നാൽ ഭരണപക്ഷ സംഘടനാ പ്രവർത്തകന് നിയമനം നൽകാൻ എഴുത്തുപരീക്ഷയിൽ ഒന്നാമതെത്തിയ യുവതിയോട് ചെയ്തത് കൊലച്ചതിയായിരുന്നു. നിയമനം നഷ്ടപ്പെട്ട യുവതി ഫീസ് അടച്ച് 7 വർഷം കാത്തിരുന്നിട്ടും ഉത്തരക്കടലാസുകളുടെ പകർപ്പ് നൽകാൻ പി.എസ്.സി തയ്യാറായില്ല.
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിൽ 2025 ൽ നടന്ന ഒരു നിയമനവും അതിൽ കാട്ടിയ തട്ടിപ്പും തൊണ്ടിസഹിതം പിടികൂടപ്പെട്ടതോടെയാണ് പി.എസ്.സി കഴിഞ്ഞ ഒരു ദശാബ്ദകാലം നടത്തിയ നിയമനക്കൊള്ളയുടെ വിവരങ്ങൾ ഓരോന്നായി പുറത്തേക്ക് വരുന്നത്. ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ പി.എസ്.സി അംഗങ്ങളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം ഒതുങ്ങി നിൽക്കാതെ മുൻ ചെയർമാൻ അഡ്വ. എം.കെ. സക്കീറിന്റെ കാലത്തെ ക്രമക്കേടുകളിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം കടന്നുചെന്നിരിക്കുകയാണ്. 2019 ലെ ആസൂത്രണബോർഡ് ചീഫ് തസ്തികയിലേക്കുള്ള വിവാദമായ അഭിമുഖം നടത്തിയത് അന്നത്തെ പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീറായിരുന്നു.
വി.എസ്. സർക്കാരിന്റെ കാലത്ത് 2011 ജനുവരി 28 ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായി നിയമിതനായ ആളാണ് മലപ്പുറം ജില്ലയിലെ പൊന്നാനി പെരുമ്പടപ്പ് സ്വദേശിയായ എം.കെ. സക്കീർ. 2016 ൽ പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഒക്ടോബർ 30 ന് ഡോ.കെ.എസ്. രാധാകൃഷ്ണനുശേഷം പബ്ലിക് സർവ്വീസ് കമ്മീഷന്റെ 14-ാമത്തെ ചെയർമാനായി സ്ഥാനമേറ്റു. 2022 ഒക്ടോബർ 28 വരെ അദ്ദേഹം ചെയർമാനായി തുടർന്നു. രാജിവച്ചതിനുപിന്നാലെ അദ്ദേഹത്തെ രണ്ടാംപിണറായി സർക്കാർ 2023 ഓഗസ്റ്റ് 18 മുതൽ കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി നിയമിച്ചു. പിന്നീട് പൊന്നാനി മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് 2026 മാർച്ച് 13 നു വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു.
2022 ഒക്ടോബർ 29 നാണ് ഇപ്പോഴത്തെ ചെയർമാൻ എം.ആർ. ബൈജു ചുമതലയേൽക്കുന്നത്. അതിനുമുൻപ് 2017 ജനുവരി 9 മുതൽ അദ്ദേഹം പി.എസ്.സി മെമ്പറായിരുന്നു. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പ്രൊഫസറായിരിക്കെയാണ് തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയായ ഡോ.എം.ആർ. ബൈജുവിനെ പി.എസ്.സി അംഗമാക്കുന്നത്.
2006 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ശമ്പള പരിഷ്ക്കരണം അനുസരിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ (ഗജടഇ) ചെയർമാന്റെ അടിസ്ഥാന ശമ്പളം 76450 രൂപയും അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 70,290 ഉം ആയിരുന്നു. ഡ്രൈവർ ഉൾപ്പെടെയുള്ള ഔദ്യോഗികവാഹനം, പേഴ്സണൽ സ്റ്റാഫ്, ഔദ്യോഗികവസതി, അംഗങ്ങൾക്കും ആശ്രിതർക്കും പൂർണ്ണമായ ചികിത്സാച്ചെലവുകൾ, പ്രതിമാസം 10,000 രൂപ വീട്ടുവാടക അലവൻസ്, പ്രതിമാസം 5000 രൂപാ യാത്രാബത്ത, കേന്ദ്ര സർക്കാർ നിരക്കിനനുസൃതമായി ക്ഷാമബത്ത, (2025 ലെ പരിഷ്ക്കരണത്തിന് മുമ്പ് ഇത് അടിസ്ഥാന ശമ്പളത്തിന്റെ 269% വരെ എത്തിയിരുന്നു). 6 വർഷത്തെ കാലാവധി പൂർത്തിയാകുന്നവർക്ക് ആ ജീവനാന്ത പെൻഷൻ, ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട്, ലീവ് എൻക്യാഷ്മെന്റ്(240 ദിവസം വരെ) എന്നിവയും ലഭ്യമായിരുന്നു.
2025 ഫെബ്രുവരിയിൽ സംസ്ഥാന മന്ത്രിസഭ പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും ജില്ലാ ജഡ്ജിമാരുടെ ശമ്പള സ്കെയിലിന് തുല്യമായി വർദ്ധിപ്പിച്ചു.
ചെയർമാന്റെ അടിസ്ഥാന ശമ്പളം 2,24,100 രൂപയാക്കി. ക്ഷാമബത്തയും മറ്റ് അലവൻസുകളും ഉൾപ്പെടെ പ്രതിമാസ മൊത്ത ശമ്പളം 4 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു. അംഗങ്ങളുടേത് 3.79 ലക്ഷം മുതൽ 4 ലക്ഷം രൂപയായി വർദ്ധിച്ചു. ആറുവർഷം പൂർത്തിയാകുന്ന ചെയർമാന്റെ പ്രതിമാസ പെൻഷൻ 1.25 ലക്ഷം രൂപയിൽ നിന്ന് 2.50 ലക്ഷം രൂപയായി ഇരട്ടിയാക്കി. അംഗങ്ങളുടേത് 2.25 ലക്ഷം രൂപയായി ഉയർത്തി.
2025 ൽ കേരളത്തിലെ വലിയ വിഭാഗം തൊഴിലാളികൾക്ക് മിനിമം കൂലി നൽകാനും കാർഷികവിളകൾക്ക് തറവില നൽകാനും ക്ലേശിച്ച കാലത്താണ് ഖജനാവ് ഉദാരമായി വലിയ ശമ്പളവർദ്ധനവ് ഇവർക്ക് അനുവദിച്ചത്. അതെല്ലാം അഴിമതി നടത്താതിരിക്കാനല്ല. ഭരണക്കാർക്കുവേണ്ടി വഴിവിട്ട് പ്രവർത്തിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്തതിനുള്ള പ്രതിഫലമായിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.
ആസൂത്രണബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ സ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ ചീഫ്, പ്ലാനിംഗ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലേക്ക് 2023 ജൂലായ് 13 ന് നടത്തിയ പ്രാഥമിക പരീക്ഷയിലെ പത്തുചോദ്യങ്ങളുടെ ഉത്തരം മൂല്യനിർണ്ണയം നടത്തുകയുണ്ടായില്ല. പരീക്ഷകഴിഞ്ഞ് ഒരു വർഷവുമായപ്പോഴാണ് ചീഫ് പരീക്ഷയിലെ ഈ മാർക്ക് തട്ടിപ്പ് പുറത്തുവരുന്നത്.
ആകെ പത്തുപേരാണ് റാങ്ക് പട്ടികയിലുണ്ടായിരുന്നതെങ്കിലും കട്ട് ഓഫ് മാർക്ക് വളരെ കുറവായിരുന്നു.(27.88). മൂല്യനിർണ്ണയത്തിൽ പിശകുണ്ടെന്ന് അപ്പഴേ പരീക്ഷയിൽ പങ്കെടുത്തവർക്കെല്ലാം മനസ്സിലായി. അങ്ങനെയാണ് ഉത്തരക്കടലാസിന്റെ പകർപ്പിന് അവർ അപേക്ഷിച്ചത്. ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്ക് രേഖപ്പെടുത്താതെയാണ് റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചത്. അതിന് പി.എസ്.സി പറഞ്ഞ ന്യായം ഒരു പരീക്ഷയുടെ മാർക്കാണ് കൂടുതൽ തസ്തികകളുടെ റാങ്ക് നിശ്ചയിക്കാൻ ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ മാർക്ക് പിന്നീടറിയിച്ചാൽ മതിയെന്ന് വ്യവസ്ഥയുണ്ടെന്നായിരുന്നു. ഇതിന്റെ മറവിൽ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ അനിശ്ചിതകാലം മൂടിവയ്ക്കാൻ കഴിയുമായിരുന്നു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപേക്ഷിച്ചിട്ടും ഒരു വർഷമാകാറായിട്ടും മാർക്കുകൾ വെളിപ്പെടുത്താൻ പി.എസ്.സി തയ്യാറായില്ല. തുടർന്ന് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ആവശ്യപ്പെട്ട് മൂന്നാം റാങ്കുകാരൻ വിവരാവകാശ കമ്മീഷനെ സമീപിച്ചു. വിവരങ്ങൾ ഏഴ് ദിവസത്തിനകം കൈമാറാൻ 2026 ജൂലൈ 6 ന് കമ്മീഷൻ ഉത്തരവിട്ടിരുന്നെങ്കിലും പി.എസ്.സി വിവരങ്ങൾ നൽകുകയോ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുകയോ ചെയ്തില്ല.
ഒടുവിൽ ഉത്തരക്കടലാസ് കയ്യിൽ കിട്ടിയപ്പോൾ ഉദ്യോഗാർത്ഥികൾ ഞെട്ടിപ്പോയി. ആകെയുള്ള 28 ചോദ്യങ്ങളിൽ 18 എണ്ണത്തിന് മാത്രമേ പി.എസ്.സി മാർക്ക് ഇട്ടിട്ടുള്ളു. 58 മാർക്കിന്റെ ബാക്കി 10 ഉത്തരങ്ങൾ കാണാനില്ല. പരാതിയുമായി ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ മുമ്പാകെ പി.എസ്.സി പത്ത് ഉത്തരങ്ങൾ തങ്ങൾ വാലുവേഷൻ നടത്തുന്നവർക്ക് കൈമാറിയിട്ടില്ലെന്ന് സമ്മതിച്ചു. മുഴുവൻ ഉത്തരങ്ങളും കൈമാറാതിരുന്നത് തങ്ങൾക്ക് താൽപ്പര്യമുള്ളവർക്ക് തന്നെ നിയമനം ഉറപ്പിക്കാനായിരുന്നു.
ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിലൂടെ മൂല്യനിർണ്ണയം നടത്തിയപ്പോൾ 10 മാർക്കിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും പരിശോധകർക്ക് കൈമാറാൻ വിട്ടുപോയെന്നായിരുന്നു പി.എസ്.സിയുടെ വിശദീകരണം. പത്തുചോദ്യങ്ങൾ ഒഴിവാക്കിയുള്ള റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ മൂന്ന് തസ്തികകളിൽ രണ്ടെണ്ണത്തിൽ നിയമനം നടത്തി, നിയമനം നേടിയവരുടെ രാഷ്ട്രീയപശ്ചാത്തലം ഏതായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫിന്റെ റാങ്ക് പട്ടിക ആദ്യം പ്രസിദ്ധീകരിച്ചത് 2025 മേയ് 31 നായിരുന്നു. മാർക്ക് ഒഴിവാക്കി പ്രസിദ്ധീകരിച്ച പട്ടികക്കെതിരെ മൂന്നാംറാങ്കുകാരനായ കെ. ശ്യാംകൃഷ്ണനും അഞ്ചാംറാങ്കുകാരനായ വി.എസ്. ജയലാലും ആണ് പരാതിയും നിയമനടപടികളുമായി പോയത്. വിധി അവർക്ക് അനുകൂലമായപ്പോൾ പി.എസ്.സി പുനർനിർണ്ണയത്തിന് നിർബന്ധിതരായി.
അങ്ങനെ വീണ്ടും മൂല്യനിർണ്ണയക്യാമ്പ് നടത്തി. അതോടെ വലിയ ഒരു തട്ടിപ്പ് പൊളിഞ്ഞു. നേരത്തെ നിയമനം നേടിയ ഒന്നാംറാങ്കുകാരൻ അഞ്ചാം റാങ്കിലേക്ക് താഴെ പോയി മൂന്നാം റാങ്കുകാരനായ കെ. ശ്യാംകൃഷ്ണൻ ഒന്നാമതെത്തി. പുനർമൂല്യനിർണ്ണയം നടത്തിയപ്പോൾ അധികമായി ഉൾപ്പെട്ട മൂന്നുപേർക്ക് അഭിമുഖം നടത്തി റാങ്ക് പട്ടിക പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
ഇതിന്റെ കൂടെ വിജ്ഞാപനം പ്രസിദ്ധീകരിച്ച പ്ലാൻ- കോ- ഓർഡിനേഷൻ, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗങ്ങളുടെയും ചീഫ് തസ്തികകളുടെ റാങ്ക് പട്ടികകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആസൂത്രണ ബോർഡ് ചീഫിന്റെ നിയമനത്തിന് പി.എസ്.സി നടത്തിയ ക്രമക്കേടുകൾ പുറത്തു വന്നതോടെ ഓരോ ദിവസവും വിവിധ തസ്തികളിലേക്ക് നടന്ന നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ച് പുതിയ പുതിയ വാർത്തകൾ പുറത്തുവന്നുകൊണ്ടിരുന്നു. ഇതേത്തുടർന്നാണ് ഐ.ജി. അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ സർക്കാർ നിയോഗിക്കുന്നത്. സംഘം ജൂലൈ 10 മുതൽ അന്വേഷണം ആരംഭിച്ചു.
അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പി.എസ്.സി അധികാരികൾ ഹൈക്കോടതിയിൽ ഹർജി നൽകി. അപ്പോൾ അന്തിമകോടതിവിധി വരുന്നതിന് മുമ്പ് തന്നെ ഹൈക്കോടതി സിംഗിൾ ബെഞ്ച്, ചെയർമാനും അംഗങ്ങളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ മടിച്ചതിനെയും അന്വേഷണ നടപടികളിൽ അന്വേഷണ സംഘം പുലർത്തുന്ന മെല്ലെപ്പോക്കിനെയും അതിരൂക്ഷമായി വിമർശിക്കുകയുണ്ടായിരുന്നു.
ആസൂത്രണബോർഡ് പരീക്ഷയിൽ മൂല്യനിർണ്ണയത്തിലുണ്ടായ പിഴവുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഈ കേസിൽ നിർണ്ണായകമായ തെളിവുകളും മൊഴികളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു, സെക്രട്ടറി സാജുജോർജ്ജ്, പരീക്ഷാ കൺട്രോളർ ബിനി കെ എബ്രഹാം, കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പി.എസ്.സി ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരുടെ മൊഴികളും പല പി.എസ്.സി മെമ്പർമാരുടെയും മൊഴികളും പി.എസ്.സി ചെയർമാന് ക്രമക്കേടുകൾ നടന്നതിലുള്ള നിർണ്ണായകപങ്ക് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.
ഇതേത്തുടർന്ന്, ചോദ്യം ചെയ്യാൻ രണ്ടാമതും വിളിച്ചപ്പോൾ ചെയർമാൻ എം.ആർ. ബൈജു ഹാജരാകാതെ ഒഴിഞ്ഞുമാറി. കേസിൽ പ്രതിചേർക്കുമെന്നുറപ്പായതോടെ അറസ്റ്റ് ചെയ്തേക്കും എന്ന ഭയത്തിലാണ് ചെയർമാൻ ചോദ്യം ചെയ്യലിന് വീണ്ടും എത്താൻ മടിച്ചത്. ചെയർമാനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അറസ്റ്റിലായ ആർ. ഹരി. പല കാര്യങ്ങളിലും ചെയർമാൻ ഏകപക്ഷീയമായിട്ടാണ് തീരുമാനം എടുത്തിരുന്നതെന്ന പലരുടെ മൊഴിയും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
2019 നും 2023 നും ഇടയിൽ നടന്ന മൂന്ന് പി.എസ്.സി പരീക്ഷകളിൽ കൂടി ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പുതിയ കേസുകൾ(എഫ്.ഐ.ആർ) വേറെയും രജിസ്റ്റർ ചെയ്തിരുന്നു. കേസുകളുടെ വ്യാപ്തി കൂടിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ (ടകഠ)വിപുലീകരിച്ചിരുന്നു. രണ്ട് എസ്.പിമാരെയും ഒരു ഡി.വൈ.എസ്.പിയേയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു.
മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ്, മോട്ടോർ വാഹന ഇൻസ്പെക്ടർ (അങഢക) തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടും ഇപ്പോഴത്തെ ചെയർമാന്റെ നേർക്കാണ് ആരോപണത്തിന്റെ കുന്തമുന. പെരുമ്പാവൂർ സ്വദേശി രാഹുൽരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പി.എസ്.സി അധികൃതർക്കെതിരെ അന്വേഷണസംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരീക്ഷയിലെ 45 ചോദ്യങ്ങൾ ഓൺലൈൻ പഠന സാമഗ്രികളിൽ നിന്നും സ്വകാര്യ ട്യൂട്ടോറിയൽ വെബ്സൈറ്റുകളിൽ നിന്നും ഒരക്ഷരം മാറ്റമില്ലാതെ പകർത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. നിശ്ചിത ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി ചോദ്യങ്ങൾ ചോർത്തി നൽകിയെന്ന ഗുരുതരമായ ആരോപണവും ഉണ്ട്.
2020 ൽ പരീക്ഷ നടത്തി 2022 ൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാക്രമക്കേട് കേസിലും പി.എസ്.സി ചെയർമാൻ, കമ്മീഷൻ അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ പ്രതിചേർത്ത് എസ്.ഐ.റ്റി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി.പി.എം അനുഭാവികൾക്കും ഉന്നതരുടെ ഇഷ്ടക്കാർക്കും പരീക്ഷയിലും റാങ്ക് ലിസ്റ്റിലും കൃത്രിമം കാട്ടി അനർഹമായി ഉയർന്ന റാങ്കുകൾ നൽകിയെന്നാണ് എഫ്.ഐ.ആറിലെ പ്രധാന ആരോപണം. ഇതിലൂടെ യോഗ്യരായ മറ്റ് ഉദ്യോഗാർത്ഥികളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 110 പേരിൽ 93 പേരും കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല(കുഫോസ്- ഗഡഎഛട) വിദ്യാർത്ഥികളായിരുന്നു. ഇതേത്തുടർന്ന് നിയമനം ലഭിച്ച 42 പേരിൽ 38 പേരും കുഫോസിൽ നിന്നുള്ളവരാണെന്നത് ക്രമക്കേടിന്റെ ആഴം വ്യക്തമാക്കുന്നു. നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകരോ നേതാക്കളോ ആണെന്നും ചോദ്യപേപ്പർ തയ്യാറാക്കിയത് കുഫോസ് ഫാക്കൽറ്റിയാണെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
ചോദ്യപേപ്പർ തയ്യാറാക്കിയതിൽ മാത്രമല്ല നിയമനത്തിന് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള പി.എസ്.സി ഇന്റർവ്യൂ ബോർഡിലും ഇതേ കുഫോസിലെ അധ്യാപകർ പങ്കെടുത്തതായും ഇവർ താൽപ്പര്യമുള്ളവർക്ക് വഴിവിട്ട് സഹായം നൽകിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മുൻ പി.എസ്.സി ചെയർമാൻ എം.കെ. സക്കീറിന്റെ കാലയളവിൽ നടന്ന(വിജ്ഞാപനം 2019 ലും റാങ്ക് ലിസ്റ്റ് 2020 ലും) ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പരീക്ഷയിലെ അഴിമതിയുടെ പേരിലും എസ്.ഐ.റ്റി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള നിശ്ചിത യോഗ്യത ബി.എസ്.സി ബിരുദവും, ഖാദി ബോർഡ് നൽകുന്ന മൂന്ന് മാസത്തെ പ്രത്യേക കോഴ്സ് സർട്ടിഫിക്കറ്റുമായിരുന്നു. എന്നാൽ യോഗ്യതാ മാനദണ്ഡങ്ങളിൽ കൃത്രിമം കാണിച്ച് വെറും 15 ദിവസത്തെ കോഴ്സ് മാത്രം ചെയ്ത ഉദ്യോഗാർത്ഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചു എന്നാണ് പ്രധാന ആരോപണം.
ക്രമക്കേടിലൂടെ അർഹതയില്ലാത്ത യോഗ്യതയുമായി പരീക്ഷ എഴുതി ജോലി നേടിയത് ഒരു ഉയർന്ന പി.എസ്.സി ഉദ്യോഗസ്ഥന്റെ ഭാര്യ ആണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. ഈ ഉദ്യോഗാർത്ഥിക്കുവേണ്ടി മാത്രമാണത്രേ വിജ്ഞാപനത്തിന് തൊട്ടുമുൻപ് ഇത്തരം ഒരു പരിശീലനം ക്രമീകരിച്ചതത്രേ. അത്തരം ക്രമക്കേടുകൾക്കുപുറമേ ഈ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ ഒരേയൊരു ഉദ്യോഗാർത്ഥിമാത്രമാണ് പങ്കെടുത്തത് എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്ന കേസുകളിലെല്ലാം ഭാരതീയ ന്യായസംഹിതയിലെ (ആചട) കടുത്ത വഞ്ചനാകുറ്റങ്ങൾക്കൊപ്പം അഴിമതി നിരോധനനിയമത്തിലെ 7,13(1)(മ) വകുപ്പുകൾ പ്രകാരമുള്ള ഔദ്യോഗിക അധികാര ദുരുപയോഗ കുറ്റങ്ങളും ചുമത്തിയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കേസ് എടുത്തിട്ടുള്ളത്.
പോലീസ് വകുപ്പിലെ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയിലേക്ക് നടത്തിയ പ്രത്യേക റിക്രൂട്ട്മെന്റിലും സ്വജനപക്ഷപാതം ആരോപ്പിച്ചുള്ള പരാതി ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്. പരീക്ഷയിലും ശാരീരിക ക്ഷമതാ പരീക്ഷയിലും പിന്നിലായിരുന്ന മുൻ എസ്.എഫ്.ഐ നേതാവും ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഒരു ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിൽ അസ്വാഭാവികമായി ഉയർന്ന മാർക്ക് നൽകി ഒന്നാം റാങ്ക് നൽകിയെന്ന പരാതിയും ക്രൈംബ്രാഞ്ച് എസ്.ഐ.റ്റി അന്വേഷിക്കുന്നുണ്ട്.
സർക്കാരിന്റെ വികസന- ക്ഷേമപ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനും വാർത്താശൃംഖലകൾ കാര്യക്ഷമമാക്കുന്നതിനും പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗാർത്ഥികളുടെ താൽക്കാലിക ലിസ്റ്റ് ഉണ്ടാക്കാറുണ്ട്. ഇത് പ്രിസം(പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ്) പാനൽ എന്നാണ് അറിയപ്പെടുന്നത്. പിണറായി സർക്കാരിന്റെ കാലത്ത് സി.പി.എം അനുഭാവികളെ മാത്രമാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ പാനലിലേക്ക് തിരഞ്ഞെടുത്തവരെ സംസ്ഥാനത്തെ ഇൻഫർമേഷൻ ഓഫീസുകളിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്, സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ തുടങ്ങിയ ജോലികൾക്കായി നിയോഗിക്കുന്നു. ഇത് കാഷ്വൽ ജോലി മാത്രമായിരുന്നു. കാരണം ഇവർക്ക് മറ്റ് ജോലി ചെയ്യാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇവർ പി.എസ്.സി നടത്തിയ അസിസ്റ്റന്റ് ഇൻഫർമേഷൻ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രിസം പരിചയം കാണിച്ച് അപേക്ഷിച്ചപ്പോൾ തള്ളിപ്പോയി. അതോടെ ഭരണകക്ഷി ഇടപെട്ടു. പ്രിസം പാനലിലെ പരിചയം അതോടെ മതിയായ യോഗ്യതയായി. അവരെല്ലാം റാങ്ക് പട്ടികയിൽ കടന്നുകൂടുകയും ചെയ്തു.
ഇവിടെ വിവരിച്ചത് ഏതാനും ചില ക്രമക്കേടുകൾ മാത്രമാണ്. സർക്കാരിന്റെ മുമ്പിൽ സമീപവർഷങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ കുമിഞ്ഞുകൂടുകയാണ്. കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ മുഴുവൻ പ്രതീക്ഷയായിരുന്ന പി.എസ്.സി ഏതാനും വർഷങ്ങൾ കൊണ്ട് പാർട്ടികൾക്ക് മാത്രം സർവ്വീസ് നടത്തുന്ന കമ്മീഷനായി മാറി. സ്വജനപക്ഷപാതവും ആശ്രിത പുനരധിവാസവും കൊടികുത്തിവാണപ്പോൾ കേരള പി.എസ്.സിയുടെ വിശ്വാസ്യതയും, സുതാര്യതയും, നിഷ്പക്ഷതയുമെല്ലാം ഒരു പഴങ്കഥയായി മാറി.
വിശ്വാസ്യത വീണ്ടെടുക്കാൻ സമഗ്രമായ അന്വേഷണം മാത്രം പോരാ. പി.എസ്.സിയിൽ ഇത്രയേറെ അംഗങ്ങൾ വേണോ എന്നതും കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിൽ മാത്രമാണോ ചെയർമാനേയും അംഗങ്ങളേയും നിയോഗിക്കേണ്ടത് എന്നതും പുനപരിശോധിക്കണം. അവർക്ക് വേണ്ട യോഗ്യതയും പുതുക്കി നിശ്ചയിക്കണം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള് കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










