
തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് ചീഫ് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ഉന്നത ഉദ്യോഗസ്ഥരിലേക്ക്. ഒളിവിലായിരുന്ന പിഎസ്സി പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ. ഹരിയെ ക്രൈംബ്രാഞ്ച് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിക്കുന്ന ഹരിയെ കോടതിയിൽ ഹാജരാക്കും. കേസിൽ നേരത്തേ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
കേസിൽ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് നിലവിൽ റിമാൻഡിലാണ്. ഹരിയെയും സതീഷിനെയും പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിനിടെ, പിഎസ്സിയിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും ചോദ്യംചെയ്യൽ വ്യാപിപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യാനാണ് തീരുമാനം. പരീക്ഷാ കൺട്രോളർ ബിനി കെ. ഏബ്രഹാമിനെ തിങ്കളാഴ്ചയും ചോദ്യം ചെയ്യും. ചെയർമാൻ എം.ആർ. ബൈജുവിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചെയർമാനിൽനിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയ സംഭവമാണ് കേസിന്റെ അടിസ്ഥാനം. ഇതുവഴി 58 മാർക്കിന്റെ ചോദ്യങ്ങളാണ് വിലയിരുത്തപ്പെടാതെ പോയത്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ, ഉദ്യോഗസ്ഥരുടെ പങ്ക്, ക്രമക്കേടിന് പിന്നിലെ സാഹചര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.










