
മതപരിഷ്‌ക്കരണവാദികളുമായി സാമൂഹിക അകലം കൈക്കൊള്ളണമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ല്യാർ
ജമാഅത്തെ ഇസ്ലാമിക്കും, വെൽഫെയർ പാർട്ടിക്കും മുസ്ലീംലീഗ് നൽകുന്ന വലിയ പരിഗണനയിൽ ഇരുവിഭാഗം സമസ്തയിലും പ്രതിഷേധം ശക്തമാകുന്നു. പാരമ്പര്യ ഇസ്ലാമിക സമീപനങ്ങളിൽ നിന്നും വ്യത്യസ്തമായി മതനവീകരണമെന്ന പേരിൽ, ഇസ്ലാം അനുശാസിക്കുന്ന തത്വസംഹിതകളെ ലംഘിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലെയുള്ള സംഘടനകൾ എന്നാണ് സുന്നി സമൂഹം കാലാകാലങ്ങളായി വിശ്വസിച്ചുവരുന്നതും പ്രചരിപ്പിച്ചുവരുന്നതും. അതുകൊണ്ടുതന്നെ ആശയപരമായി വിഭിന്ന നിലപാടുകൾ വെച്ചുപുലർത്തുന്ന ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ മുസ്ലീം വിഭാഗങ്ങളോട്, ആധ്യാത്മികവും, സാമൂഹികവുമായ വിഷയങ്ങളിൽ വലിയ അകൽച്ചയാണ് സുന്നിസമൂഹം കൈക്കൊണ്ടുവരുന്നത്. കാന്തപുരം അബൂബക്കർ മുസ്‌ല്യാർ നേതൃത്വം നൽകുന്ന എ.പി വിഭാഗം സമസ്തയും, ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള ഇ.കെ. വിഭാഗം സമസ്തയും മുസ്ലീം മത നവീകരണ സംഘടനകൾ എന്ന് വാദിക്കുന്ന പ്രസ്ഥാനങ്ങളോടുള്ള എതിർപ്പിൽ വെള്ളം ചേർക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല.
ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിന്, ആദ്ധ്യാത്മികവും, അതുവഴി രാഷ്ട്രീയവുമായ പിൻബലം ഏകുന്ന പ്രസ്ഥാനമാണ് ഇ.കെ. വിഭാഗം സമസ്ത. ഇടതനുകൂല സമീപനം കൈക്കൊള്ളുന്ന കാര്യത്തിൽ വലിയ വിമുഖതയാണ് ഇവർ പ്രകടിപ്പിച്ചുവന്നതും. എന്നാൽ ഈ സമീപനത്തിൽ മാറ്റമുണ്ടായത് സമീപകാലത്താണ്. പാണക്കാട് കുടുംബാംഗങ്ങൾക്ക് മുസ്ലീം സമുദായത്തിലും, ലീഗിലുമുള്ള അപ്രമാദിത്തത്തെ ചൊല്ലിയുള്ള അടിയൊഴുക്കുകൾ ഇ.കെ വിഭാഗത്തിലും ചേരിതിരിവുകൾ സൃഷ്ടിച്ചിരുന്നുവെന്നതാണ് യാഥാർത്ഥ്യം. മുസ്ലീം ലീഗ് നേതാക്കൾ രാഷ്ട്രീയ വിഷയങ്ങൾ മാത്രം ചർച്ച ചെയ്താൽ മതി, ആത്മീയ വിഷയങ്ങളിൽ മതപണ്ഡിതർ നിലപാട് പറയും എന്ന വിധത്തിൽ ഇ.കെ. സമസ്തയ്ക്കുള്ളിൽ ചർച്ചകൾ ഉയർന്നത് ഈ സാഹചര്യത്തിലാണ്. ഭരണം നടത്തുന്നത് ഇടതുപക്ഷ സർക്കാർ ആണെന്നത് കൊണ്ട്, അവർ നടത്തുന്ന ഭരണപരമായ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കുന്നത് ശരിയല്ലെന്നും, മുസ്ലീം സമൂഹത്തിന് വേണ്ടി ഇടതുസർക്കാർ നടത്തുന്ന ഗുണപരമായ പ്രവർത്തനങ്ങളെ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കണമെന്നും വാദിക്കുന്ന ഒരു വിഭാഗം ഇ.കെ. സമസ്തയ്ക്കുള്ളിലും ഉയർന്നുവന്നിട്ടുണ്ട്. പൗരത്വഭേദഗതി പോലെയുള്ള പ്രക്ഷോഭമുഖങ്ങളിൽ ഇടതുമുന്നണി കൈക്കൊണ്ട സമീപനങ്ങളെ അഭിനന്ദിക്കേണ്ടതുണ്ടെന്ന സമീപനം ഇ.കെ. സമസ്തയിലെ വലിയ വിഭാഗം പണ്ഡിതർ കൈക്കൊണ്ടതിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്.
സമസ്ത കേരളം ജം ഇയ്യത്തുൽ ഉലമ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനും, ഇടതുമുന്നണി സർക്കാരും നൽകുന്നതെന്ന വിധത്തിൽ സമസ്ത പ്രസിഡന്റ്, ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തിയ പ്രതികരണവും, മുസ്ലീംലീഗ് നേതൃത്വത്തെ വളരെയധികം പ്രകോപിതരാക്കിയിരുന്നു. സമസ്തയും, പിണറായിയും തമ്മിലുള്ള അടുപ്പം, ന്യൂനപക്ഷ വിഷയങ്ങളിൽ ആത്മാർത്ഥതയോടെ, ഇടപെടുന്നതുകൊണ്ടാണെന്നും, അവകാശങ്ങൾ സംരക്ഷിക്കാനായി ഇടതുസർക്കാരുമായി തുറന്ന ചർച്ചകൾ നടത്തുന്നതിലും, വേദികളിൽ പങ്കുചേരുന്നതിലും ഒരു തെറ്റുമില്ലെന്നും ജിഫ്രി തങ്ങൾ പിന്നീട് നയം വ്യക്തമാക്കുകയും ചെയ്തിരുന്നു.
എതിർപ്പുമായി
സമസ്താ നേതൃത്വം
വസ്തുതകൾ ഈവിധത്തിൽ ആയിരുന്നുവെങ്കിലും, തെരഞ്ഞെടുപ്പ് പോരാട്ടമുഖങ്ങളിൽ ഇ.കെ. വിഭാഗത്തിന്റെ പിന്തുണ യു.ഡി.എഫിനൊപ്പം തന്നെയായിരുന്നു. കാലാകാലമായി മുസ്ലീംലീഗിന് ലഭിക്കുന്ന സമസ്താവോട്ടുകളിൽ വലിയ ചോർച്ചകൾ ഒന്നും സംഭവിച്ചിട്ടുമില്ല. ഇക്കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിലും ആ നിലപാട് ശക്തമായി പ്രതിബിംബിക്കുകയും ചെയ്തു.
അതേസമയം, ത്രിതല തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുകയാണ് യു.ഡി.എഫ് നേതൃത്വം ചെയ്യുന്നതെന്ന വികാരം സമസ്തയുടെ നേതൃനിരകളിൽ ശക്തമായിരുന്നുതാനും. തങ്ങളുടെ അസംതൃപ്തി ലീഗ് നേതൃത്വത്തെ പലകുറി അവർ അറിയിച്ചതുമാണ്. ജമാഅത്തെ ഇസ്ലാമിയുമായും, വെൽഫെയർ പാർട്ടിയുമായും രാഷ്ട്രീയ ബന്ധങ്ങൾ ഇല്ലായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രതികരിക്കേണ്ടി വന്നത് അതുകൊണ്ടാണ്. കൂട്ടുകെട്ട് ഇല്ല, നീക്കുപോക്കുകൾ മാത്രമാണുള്ളത് എന്ന വിധത്തിൽ യു.ഡി.എഫ് നേതൃത്വം പലകുറി മാറ്റിമാറ്റി പറഞ്ഞുവെങ്കിലും ഒരു ഘടകകക്ഷിയെപ്പോലെയാണ് പലയിടങ്ങളിലും വെൽഫെയർ പാർട്ടി യു.ഡി.എഫിനുവേണ്ടി രംഗത്തിറങ്ങിയത്. സമുന്നത ലീഗ് നേതാക്കൾതന്നെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന കാഴ്ചകളും പുറത്തുവരികയും ചെയ്തു. ഇതിലെല്ലാം സമസ്തയിലെ വലിയ വിഭാഗത്ത് കടുത്ത അപ്രീതി തന്നെയാണ് ഉണ്ടായിരുന്നത്. ആദ്ധ്യാത്മിക നിലപാടുകളിൽ എതിർചേരിയിൽ നിൽക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലീംലീഗ് ബന്ധം സ്ഥാപിക്കുന്നതിൽ തങ്ങൾക്കുള്ള എതിർപ്പ് നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും, ലീഗ് നേതൃത്വം അതൊന്നും പരിഗണിച്ചില്ലെന്ന് മാത്രമല്ല, ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൂടുതൽ ഊഷ്മള ബന്ധങ്ങൾ തുടരുകയുമാണ്. ഇതോടെയാണ് സമസ്തക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന വിയോജിപ്പുകൾ ഇപ്പോൾ മറനീക്കി പുറത്തെത്തിക്കൊണ്ടിരിക്കുന്നത്.
എ.പി സമസ്തയിലും എതിർപ്പ്
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ നേതൃത്വം നൽകുന്ന എ.പി വിഭാഗം സമസ്തയാകട്ടെ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ സമീപനമാണ് കൈക്കൊള്ളുന്നത്. ഇടതുപക്ഷാഭിമുഖ്യമുള്ള സമീപനമാണ് എ.പി. സുന്നിവിഭാഗത്തിൽ ഭൂരിഭാഗവും കൈക്കൊണ്ടുവരുന്നതും. 'അരിവാൾ സുന്നികൾ' എന്ന പേരിൽ എ.പി. വിഭാഗത്തെ പലരും വിശേഷിപ്പിക്കാറുമുണ്ട്. ഒരർത്ഥത്തിൽ അത് വളരെയധികം ശരിയാണ് താനും. കാരണം മുസ്ലീം സമുദായ രാഷ്ട്രീയത്തിൽ നേരിട്ട് പ്രവേശനം ഇല്ലാത്ത ഒരു കാലം ഇടതുചേരിക്കുണ്ടായിരുന്നുവെന്നത് വിസ്മരിക്കാൻ കഴിയില്ല. അന്ന് ന്യൂനപക്ഷ സമുദായംഗങ്ങളിലേക്കുള്ള പാലമെന്ന നിലയിൽ പ്രവർത്തിച്ചത് എ.പി. വിഭാഗം സമസ്തയായിരുന്നുവെന്നാണ് ചരിത്രം.
1987 ൽ അഖിലേന്ത്യാ ലീഗ്, മുസ്ലീംലീഗിൽ ലയിച്ചപ്പോൾ സി.പി.എമ്മിന് സാമുദായിക പിൻബലമേകി ഒപ്പം നിന്നത് എ.പി വിഭാഗമായിരുന്നു. പിന്നീടാണ് സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഐ.എൻ.എൽ രൂപീകരിക്കുകയും, സി.പി.എമ്മിന് പിന്തുണയേറുകയും ചെയ്തത്. ഐ.എൻ.എല്ലിൽ വിഭാഗീയത രൂക്ഷമാവുകയും, ഒരു വിഭാഗം നാഷണൽ ലീഗ് രൂപീകരിക്കുകയും ചെയ്തു.
ഐ.എൻ.എല്ലും, നാഷണൽ ലീഗും ഇടതുചേരിക്ക് പിൻബലമേകി ഒപ്പം നിൽക്കുകയും ചെയ്തു. ഈ രണ്ട് പ്രസ്ഥാനങ്ങളെപ്പോലെയല്ലെങ്കിലും ഇടതുചേരിക്ക് പരോക്ഷ പിന്തുണയേകുന്ന സമീപനമാണ് കാന്തപുരം വിഭാഗം സ്വീകരിച്ചതും. അതേസമയം മുന്നണിയിലെ ഘടകകക്ഷികൾക്ക് നൽകുന്നതിലുമധികം സ്വീകാര്യതയും അംഗീകാരവും കാന്തപുരം സുന്നിവിഭാഗത്തിന് ഇടതുസർക്കാർ നൽകുകയും ചെയ്തു. ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലും അംഗങ്ങളിലും വലിയ പരിഗണനയാണ് ഇടതുസർക്കാർ കാന്തപുരം വിഭാഗത്തിന് നൽകി വരുന്നതും. തങ്ങൾക്ക് രാഷ്ട്രീയ നിലപാടല്ല ഉള്ളതെന്നും, ഒരു മുന്നണിയോടും വിധേയത്വം പുലർത്താറില്ലെന്നും കാന്തപുരം നയം വ്യക്തമാക്കാറുണ്ടെങ്കിലും പലപ്പോഴും ഇടതനുകൂല ചായ്‌വ് തന്നെയായിരുന്നു എ.പി. സമസ്തയ്ക്കുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂല സമീപനമാണ് പലയിടങ്ങളിലും ഇവർ കൈക്കൊണ്ടതെന്നാണ് യാഥാർത്ഥ്യം. മലപ്പുറത്ത് കൈവരിച്ച ഉജ്ജ്വല നേട്ടത്തെ തുടർന്ന് മുസ്ലീംലീഗ് നേതാക്കൾ കാന്തപുരം വിഭാഗത്തിനോടുള്ള കടപ്പാട് പരസ്യമായി പ്രകടിപ്പിച്ചതും ഇതോടൊപ്പം ചേർത്ത് കാണേണ്ടതുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ നയസമീപനങ്ങളോട് കടുത്ത പ്രതിഷേധം തന്നെയാണ് എ.പി. വിഭാഗവും പിന്തുടർന്നുവരുന്നത്. പാരമ്പര്യ ഇസ്ലാമിക രീതികളിൽ നിന്ന് വ്യത്യസ്തമായി ആശയങ്ങൾ അവതരിപ്പിക്കുന്ന മതനവീകരണ പ്രസ്ഥാനങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ്, ജമാഅത്തെ ഇസ്ലാമിയും, മുജാഹിദ് വിഭാഗവുമെന്നാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന നിലപാട്. അവരോടുള്ള വിയോജിപ്പും നിസ്സഹകരണവും ആശയപരമാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ഈ നിലപാടിനെക്കുറിച്ച് കാന്തപുരം അബൂബക്കർ മുസ്‌ല്യാർ വ്യക്തമാക്കുന്നത് ഈ വിധത്തിലാണ്.
'നമ്മുടെ ആശയത്തിന് വിരുദ്ധമായ പ്രതിലോമ ആശയങ്ങളുമായി രംഗത്തുവന്ന വിഭാഗങ്ങൾക്ക് മുസ്ലീം സമൂഹത്തിൽ സ്വാധീനം ലഭിക്കാതിരിക്കാൻ സമസ്തയുടെ പൂർവ്വ നേതാക്കൾ സ്വീകരിച്ചുവന്ന ആശയപരമായ 'സാമൂഹിക അകലം' എന്ന നയമാണ് നാം പിന്തുടരുന്നത്. നാം ബഹുദൈവാരാധകരും, ഖബർ പൂജകരും ആണെന്ന് ആരോപിക്കുന്നവരാണ് ഈ വിഭാഗങ്ങൾ. നമ്മുടെ നാട്ടിലെ സാംസ്‌കാരിക പാരമ്പര്യം മാത്രമല്ല, ജനാധിപത്യ മതേതര, ബഹുസ്വര നിലപാടുകളോട് ചേർന്നുനിന്നുകൊണ്ടും, നമ്മുടെ രാജ്യത്തെ ഭരണഘടനയ്ക്ക് അനുസൃതമായുമുള്ള മതകീയ ജീവിതം എന്നതാണ് നമ്മുടെ നയം. പൊതുസമൂഹത്തിന് മുന്നിൽ മതത്തെതന്നെ തെറ്റിദ്ധരിക്കാൻ ഇടവരുത്തുന്ന വിധം പ്രചാരണം നടത്തുന്നവരുമായി ആശയപരമായ അകലം എന്നത് ഒരു സമരവും, നിലപാടുമാണ്..'
ഈ വിധത്തിൽ കാന്തപുരം അബൂബക്കർ മുസ്‌ല്യാർ നടത്തിയ നിരീക്ഷണത്തിന്, സമകാലിക കേരള രാഷ്ട്രീയാന്തരീക്ഷത്തിൽ വളരെയധികം പ്രാധാന്യമാണുള്ളത്.
ജമാഅത്തെ ഇസ്ലാമിയുടെ പരോക്ഷ പിന്തുണ ഇതിന് മുമ്പ് പലകുറി നേടിയിട്ടുണ്ടെങ്കിലും, ഇപ്പോൾ ജമാഅത്തിനെ രൂക്ഷമായി വിമർശിക്കുകയും മതരാഷ്ട്രവാദമുയർത്തുന്നവർ എന്ന് നിരന്തരം ആക്ഷേപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് സി.പി.എം നേതൃത്വം തന്നെയാണ്. അതേസമയം, ലീഗനുകൂല സുന്നി സംഘടനയായ ഇ.കെ. വിഭാഗത്തിന്റെ എതിർപ്പിനെ മറികടന്നുപോലും ജമാഅത്തെ ഇസ്ലാമിക്ക് പിന്തുണയേകാൻ മത്സരിക്കുകയാണ് യു.ഡി.എഫ് നേതൃത്വമിപ്പോഴും. അതിനുപിന്നിലെ ലക്ഷ്യം വോട്ട് ബാങ്ക് താൽപ്പര്യം മാത്രമാണെന്ന് ആർക്കുമറിയാം. അതേസമയം, തങ്ങളുടെ വോട്ടുകൾ വാങ്ങുകയും, എന്നാലത് പരസ്യമായി അംഗീകരിക്കാൻ മടികാണിക്കുകയും ചെയ്യുന്ന കോൺഗ്രസ് നിലപാടിൽ, ജമാഅത്തെ ഇസ്ലാമിക്കുള്ളിലും അസ്വസ്ഥതകൾ നിലനിൽക്കുന്നുമുണ്ട്. തങ്ങളുടെ സ്വത്വബോധം അടിയറവെച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കുപോക്കുകൾ എന്തിനാണെന്ന വികാരമാണ് അവരിലും ഇരമ്പുന്നത്.
ജമാഅത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും സ്വീകാര്യതയും പിന്തുണയുമേകുന്ന മുസ്ലീം ലീഗിനോടും, യു.ഡി.എഫിനോടും ശക്തമായ പ്രതിഷേധം ഇരു സമസ്തകളിലും ഇരമ്പുന്ന സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള അണിയറ നീക്കങ്ങളാണ് സി.പി.എം നേതൃത്വവും നടത്തിക്കൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈവിധം അടിയൊഴുക്കുകൾ നിർണ്ണായകസ്വാധീനമായി മാറുകയും ചെയ്യും. ത്രിതല തെരഞ്ഞെടുപ്പ് ഫലമായിരിക്കില്ല, നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എന്ന് ഇടതുകേന്ദ്രങ്ങൾ ഉറച്ചുവിശ്വസിക്കാൻ ഒരു പ്രധാനകാരണവും ഇതുതന്നെയാണ്.











