
ന്യൂഡൽഹി : പൊതുപ്രതിഷേധങ്ങൾക്കായി നിശ്ചയിച്ച വേദി ഒരു സംഘത്തിനും അനിശ്ചിതകാലത്തേക്ക് കൈവശം വയ്ക്കാൻ അവകാശമില്ലെന്ന് സുപ്രീംകോടതി. ഇത്തരം വേദികളിൽ സമരത്തിന് അനുമതി നൽകുമ്പോൾ സമയപരിധി നിശ്ചയിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അനുമതി നൽകിയാലും നിഷേധിച്ചാലും തീരുമാനത്തിന്റെ കാരണം പൊലീസ് സംഘാടകരെ രേഖാമൂലം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ഡൽഹിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്. ജൂലൈയിൽ ജന്തർ മന്ദറിൽ ഒരു ദിവസത്തേക്ക് അനുമതി ലഭിച്ച സമരം 17 ദിവസം നീണ്ടതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് കർഷകരും തൊഴിലാളികളും ഉൾപ്പെടെ എല്ലാവർക്കും പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നും ഒരു സംഘം സമരം നടത്തുന്നതിന്റെ പേരിൽ മറ്റുള്ളവർക്ക് വേദി നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയത്.
തുടർച്ചയായ സമരങ്ങൾ മൂലം കോടികളുടെ നഷ്ടമുണ്ടായതായി വ്യാപാരി–വ്യവസായി സംഘടനകൾ കോടതിയെ അറിയിച്ചു. രണ്ടുമാസത്തേക്ക് ഡൽഹിയിൽ സമരങ്ങൾക്ക് അനുമതി നൽകരുതെന്നും അവർ ആവശ്യപ്പെട്ടു. വ്യാപാരം നടത്താനുള്ള അവകാശവും അഭിപ്രായസ്വാതന്ത്ര്യവും ഒരുപോലെ പരിഗണിക്കേണ്ട വിഷയമാണിതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വഴിയോരക്കച്ചവടക്കാരെയും ചെറുകിട സംരംഭകരെയും പ്രതിഷേധങ്ങൾ എങ്ങനെ ബാധിക്കുന്നുവെന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. സമരത്തിന് ആഹ്വാനം ചെയ്ത രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും കക്ഷിചേർത്ത് അവരുടെ വാദം കേൾക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
ജന്തർ മന്ദർ പൊതുറോഡാണെന്നും സമരവേദിയായി നിശ്ചയിക്കാനാവില്ലെന്നും തുഷാർ മേത്ത വാദിച്ചു. സമരത്തിന്റെ പ്രത്യാഘാതങ്ങൾക്ക് സംഘാടകർ ഉത്തരവാദികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.
മാധ്യമപ്രവർത്തകരുടെ ഹർജിയിൽ കേന്ദ്രത്തിനും പൊലീസിനും നോട്ടീസ്
സമരത്തിനിടെ മലയാളി മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് അതിക്രമമുണ്ടായെന്ന് ആരോപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു.
ഒക്ടോബർ 12ന് ‘ഇന്ത്യ’ സഖ്യം നടത്തിയ സുപ്രീംകോടതി മാർച്ചിനെതിരെ ഒരുവിഭാഗം അഭിഭാഷകർ സമർപ്പിച്ച ഹർജിയിലും കോടതി നോട്ടീസിന് ഉത്തരവിട്ടു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്രസർക്കാർ തുടങ്ങിയവരോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടു. ഹർജി 23ന് വീണ്ടും പരിഗണിക്കും.










