
ദോഹ : സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണി (സി.ഐ.സി) റയ്യാൻ സോണിന്റെ ആഭിമുഖ്യത്തിൽ ഈയിടെ വിടപറഞ്ഞ പ്രശസ്ത പണ്ഡിതൻ ജോൺ എൽ. എസ്പോസിറ്റോയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
പാശ്ചാത്യ ലോകവുമായി ഇസ്‍ലാമിന്റെയും മുസ്‍ലിംകളുടെയും ബന്ധങ്ങൾ സംബന്ധിച്ച പഠനങ്ങളിൽ മഹത്തായ പൈതൃകം ലോകത്തിനായി ബാക്കിവെച്ചാണ് പ്രഫ. ജോൺ എൽ. എസ്പോസിറ്റോ വിടപറഞ്ഞത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ അബ്ദുൽ ഹമീദ് എടവണ്ണ അഭിപ്രായപ്പെട്ടു.
റയ്യാൻ സോണൽ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
എസ്പോസിറ്റോയുടെ വേർപാട് അക്കാദമിക ലോകത്തിന്റെ മാത്രം നഷ്ടമല്ല; സത്യം, സംവാദം, പരസ്പര ധാരണ എന്നിവക്കൊക്കെ മൂല്യം കൽപിക്കുന്ന ഏവരുടെയും നഷ്ടമാണ്, അദ്ദേഹം അനുസ്മരിച്ചു.
പാശ്ചാത്യ വായനക്കാർക്കായി നിഷ്പക്ഷത, സന്തുലിതത്വം, ബൗദ്ധിക സത്യസന്ധത എന്നിവ സമം ചേർത്ത് ഇസ്‍ലാമിനെ പരിചയപ്പെടുത്തിയ പണ്ഡിതർ ഏറെയൊന്നുമുണ്ടാകില്ല. അവിശ്വാസവും തെറ്റിദ്ധാരണകളും വർധിച്ചുവരുന്ന കാലത്ത് മതം, രാഷ്ട്രീയം, സഹവർത്തിത്വം എന്നിവയെ കുറിച്ച പൊള്ളുന്ന ആശയവിനിമയങ്ങളിൽ സൗഹാർദത്തിന്റെ പാലം പണിത വിശ്വസ്ത ശബ്ദമായിരുന്നു അദ്ദേഹം. പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. 1988 ൽ ജമാഅത്തെ ഇസ്ലാമി ഹിറാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തതായും അനുസ്മരിക്കപ്പെട്ടു.
അബ്ദുൽ വാഹദ്, അനീസ് കൊടിഞ്ഞി, എന്നിവർ സംസാരിച്ചു. എ.ടി. അബ്ദുൽ സലാം സ്വാഗതവും, മുഹമ്മദ് റഫീഖ് തങ്ങൾ നന്ദിയും പ്രകാശിപ്പിച്ചു.










