
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുകളെ കെ.എസ്.ആർ.ടി.സി സംവിധാനത്തിന്റെ ഭാഗമാക്കുന്ന പുതിയ പദ്ധതി സംസ്ഥാന സർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുകയും സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയുമാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച പ്രാഥമികതല ചർച്ചകൾ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉത്തർപ്രദേശ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മാതൃകയാണ് കേരളവും പഠിക്കുന്നത്. ഈ സംവിധാനത്തിൽ സ്വകാര്യ ബസുകൾക്ക് നിശ്ചിത വാടക സർക്കാർ നൽകും. ഡ്രൈവർമാരുടെ ശമ്പളച്ചെലവ് ബസുടമകൾ തന്നെ വഹിക്കേണ്ടിവരും. അതേസമയം, ബസുകളിൽ കെ.എസ്.ആർ.ടി.സി നിയോഗിക്കുന്ന കണ്ടക്ടർമാരാകും സേവനമനുഷ്ഠിക്കുക.
ബസുകളുടെ ഇന്ധനച്ചെലവും അറ്റകുറ്റപ്പണികളും കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതുവഴി ഗ്രാമീണ മേഖലയുൾപ്പെടെ കൂടുതൽ റൂട്ടുകളിൽ സർവീസ് ഉറപ്പാക്കാനും യാത്രാനിരക്കുകളിലെ അനിശ്ചിതത്വം ഒഴിവാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.
പ്രവർത്തനച്ചെലവ് വർധിച്ചതാണ് സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിരക്ക് വർധനയും നികുതി ഇളവുകളും ആവശ്യപ്പെട്ടുവരികയാണ്. പുതിയ പദ്ധതി നടപ്പായാൽ നിലവിലെ വരുമാനത്തേക്കാൾ സ്ഥിരമായ വാടക ലഭിക്കുമെന്നതിനാൽ ബസുടമകൾക്കും ആശ്വാസമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്കുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി കാരണം വരുമാനം കുറഞ്ഞതായും സ്വകാര്യ ബസ് ഉടമകൾ പരാതിപ്പെടുന്നുണ്ട്.
പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ
• പുതിയ ബസുകൾ വാങ്ങേണ്ട സാമ്പത്തിക ബാധ്യത സർക്കാരിന് ഒഴിവാകും.
• യാത്രാനിരക്കുകളും കൺസെഷൻ നിരക്കുകളും ഏകീകൃതമായി നിശ്ചയിക്കാൻ സാധിക്കും.
• പൊതുഗതാഗത രംഗത്തെ ഏകോപനം കൂടുതൽ ശക്തമാകും.
• കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ കണ്ടക്ടർ തസ്തികകൾ സൃഷ്ടിക്കപ്പെടും.











