
തിരുവനന്തപുരം: അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഒരുമിച്ച് വിലകയറിയതോടെ കുടുംബങ്ങളുടെ അടുക്കളച്ചെലവ് ഉയരുന്നു. അരി, പയർ, ഉഴുന്ന് എന്നിവയിൽ ചിലതിന് രണ്ടാഴ്ചയ്ക്കിടെ 20 ശതമാനം വരെ വില കൂടി. കിലോയ്ക്ക് 70–80 രൂപയായിരുന്ന ചെറിയ ഉള്ളി 140–150 രൂപയിലെത്തി. സവാള വിലയും ഉയരുകയാണ്. വെള്ളമുട്ടയ്ക്ക് ഒന്നിന് ഒരു രൂപ കൂടി.
പച്ചരിയുടെ വില കിലോയ്ക്ക് 30–32 രൂപയിൽനിന്ന് 36–44 രൂപയായി. ചാക്കരി 30ൽനിന്ന് 40 രൂപയിലെത്തി. മലയാളികൾ പതിവായി ഉപയോഗിക്കുന്ന മട്ട, സുരേഖ, ജയ ഇനങ്ങൾക്ക് കിലോയ്ക്ക് നാലു മുതൽ എട്ടു രൂപ വരെ കൂടി. രണ്ടുമാസം മുമ്പ് കിലോയ്ക്ക് 60 രൂപയായിരുന്ന പൊന്നി അരിയുടെ വില ഇപ്പോൾ 95 രൂപ വരെ എത്തി. സോണാ മസൂരി 70ൽനിന്ന് 95 രൂപയായി. ബിരിയാണിക്ക് ഉപയോഗിക്കുന്ന ബസുമതി, ജീരക അരികൾക്ക് കിലോയ്ക്ക് 50 രൂപയിലധികം കൂടി.
പഞ്ചസാര കിലോയ്ക്ക് 60ൽനിന്ന് 65 രൂപയായി. പയറിനും ഉഴുന്നിനും 20 രൂപ വീതം കൂടി 150 രൂപയിലെത്തി. ഒരിടയ്ക്ക് 500 രൂപയിലെത്തിയ വറ്റൽമുളകിന്റെ വില 200 രൂപയിലേക്ക് താഴ്ന്നശേഷം വീണ്ടും ഉയർന്ന് 320 രൂപയായി.
പച്ചക്കറിയിലും മുട്ടയിലും ആശ്വാസമില്ല
കഴിഞ്ഞയാഴ്ച കിലോയ്ക്ക് 50 രൂപയായിരുന്ന ക്യാരറ്റിന് ഇപ്പോൾ 80 രൂപ നൽകണം. മുരിങ്ങയ്ക്ക് 150 രൂപയും ചെറുനാരങ്ങയ്ക്ക് 130 രൂപയുമാണ് ചില്ലറവില. ബീൻസ് 120, പച്ചമുളക് 75, തക്കാളി 60 രൂപ എന്നിങ്ങനെയാണ് കിലോവില. പാവയ്ക്ക 50 രൂപ കടന്നു. വെള്ളമുട്ടയുടെ വില ഏഴിൽനിന്ന് എട്ടു രൂപയായി. നാടൻ മുട്ടയ്ക്ക് ഒന്നിന് 12 രൂപ നൽകണം.
മഴക്കുറവുമൂലം ഉത്പാദനം കുറഞ്ഞെന്ന പ്രചാരണം ഇടനിലക്കാർ വില കൂട്ടാൻ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. അരിയും കരിമ്പും എഥനോൾ ഉത്പാദനത്തിന് വ്യാപകമായി ഉപയോഗിക്കുന്നതും വിലവർധനയ്ക്കുള്ള കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ചാല മൊത്തവിപണിയിലെ വില
ഇനം
നവംബർ 14-ലെ വില (രൂപ/കിലോ)
ഒരുമാസം മുമ്പ് (രൂപ/കിലോ)
സുരേഖ
52
48
ജയ
49
44
മട്ടവടി
58
50
വടി റോസ്
58
50
ഡൊപ്പി
53–63
35–43
പൊന്നി
75–95
60
മല്ലി
220–230
190–200
ചെറിയ ഉള്ളി
140–150
70–80
വെളുത്തുള്ളി
260
220
ശർക്കര
90–95
75–80
ചെറുപയർ
145–150
124–130










